ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിൻ്റെ നേതാവാകാൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് രാഷ്ട്രീയ ജനത ദൾ അധ്യക്ഷൻ ലാലു പ്രസാദ് യാദവിൻ്റെ പിന്തുണ. മമത ബാനർജിയെ ആർ.ജെ.ഡിക്ക് വിശ്വാസമാണെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസിൻ്റെ എതിർപ്പിനെ അപ്രസക്തമെന്ന് വിളിച്ച് തള്ളുകയും ചെയ്തു ലാലു.ഇക്കാര്യത്തിൽ കോൺഗ്രസിൻ്റെ എതിർപ്പ് ഒരു മാറ്റവും ഉണ്ടാക്കില്ല. ഇൻഡ്യ ബ്ലോക്കിനെ നയിക്കാൻ മമതയെ അനുവദിക്കണമെന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേർത്തു.
നേരത്തെ മമത ഉൾപ്പടെ ഏത് മുതിർന്ന നേതാവ് ഇൻഡ്യ സഖ്യത്തെ നയിച്ചാലും എതിർപ്പില്ലെന്ന് ലാലുവിൻ്റെ മകനും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞിരുന്നു. എന്നാൽ സമവായത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ശിവസേന എം.പി പ്രിയങ്ക ചതുർവേദിയും മമത ഇൻഡ്യ സഖ്യത്തെ നയിക്കുന്നതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മമതയുടെ മുൻകാല സംഭാവനകൾ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഇൻഡ്യ സഖ്യം എന്ത് തീരുമാനമെടുത്താലും ഒന്നിച്ചായിരിക്കും അത്തരമൊരു തീരുമാനമെടുക്കുകയെന്നും പ്രിയങ്ക ചതുർവേദി വ്യക്തമാക്കിയിരുന്നു. എൻ.സി.പി നേതാവ് സുപ്രിയ സുലെയും സഖ്യത്തെ മമത നയിക്കുന്നതിൽ സന്തോഷം അറിയിച്ചിരുന്നു.
നേരത്തെ ഇൻഡ്യ സഖ്യത്തിൻ്റെ പ്രവർത്തനത്തിൽ അതൃപ്തിയറിയിച്ച് മമത രംഗത്തെത്തിയിരുന്നു. സഖ്യത്തെ നയിക്കാനുള്ള സന്നദ്ധതയും അവർ അറിയിച്ചിരുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി പദത്തോടൊപ്പം ഇൻഡ്യ സഖ്യത്തിൻ്റെ നേതൃത്വവും ഏറ്റെടുക്കാൻ തയാറാണെന്നായിരുന്നു മമതയുടെ പ്രതികരണം.