മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. അവസാനദിനം ചായയുടെ ഇടവേളവരെ സമനില പ്രതീക്ഷ നല്‍കിയ ശേഷമാണ് ഇന്ത്യ കളി കൈവിട്ടത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 155 റണ്‍സില്‍ ഒടുങ്ങി. 184 റണ്‍സിനാണ് ഓസീസ് ജയം.
മെൽബണിലെ ജയത്തോടെ ഓസ്ട്രേലിയ പരമ്പരയില്‍ മുന്നിലെത്തി (2-1). ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാകാനുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ബോക്സിങ് ഡേ ടെസ്റ്റിലെ തോൽവി. സ്‌കോര്‍: ഓസ്‌ട്രേലിയ: 474, 234, ഇന്ത്യ: 369, 155.
3ന് 121 റണ്‍സെന്ന നിലയില്‍ നിന്നാണ് അവസാന സെഷനില്‍ ഇന്ത്യ തോല്‍വി വഴങ്ങിയത്. അവസാനദിനം ചായക്ക് പിരിയുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. അവസാന 7 വിക്കറ്റുകള്‍ 34 റണ്‍സിനിടെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (9), കെ എല്‍ രാഹുല്‍ (0), വിരാട് കോഹ്ലി (5) എന്നിവരെ 33 റണ്‍സിനിടെ നഷ്ടമായ ഇന്ത്യയ്ക്ക് നാലാം വിക്കറ്റില്‍ ഒന്നിച്ച യശസ്വി ജയ്സ്വാള്‍ – ഋഷഭ് പന്ത് സഖ്യം ക്രീസില്‍ ഉറച്ചുനിന്ന് പ്രതീക്ഷ സമ്മാനിച്ചിരുന്നു. 88 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ഇന്ത്യയെ സമനിലയിലെത്തിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ട്രാവിസ് ഹെഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഋഷഭ് പന്ത് വിക്കറ്റ് കളഞ്ഞത്.
104 പന്തുകളിൽ നിന്ന് 2 ഫോറുകൾ ഉൾപ്പെടെ 30 റണ്‍സെടുത്താണ് പന്ത് പുറത്തായത്. പന്തിനും ജയ്സ്വാളിനും മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കടക്കാനായത്. പിന്നാലെ എത്തിയ രവീന്ദ്ര ജഡേജയും (2), നിതീഷ് കുമാര്‍ റെഡ്ഡിയും (1) വന്നതുപോലെ മടങ്ങി. പിന്നാലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ജയ്സ്വാളിനെ കമ്മിൻസ് വീഴ്ത്തി.
വിവാദമായ ഡിആര്‍എസ് തീരുമാനത്തിലായിരുന്നു ജയ്സ്വാളിന്റെ മടക്കം. കമ്മിന്‍സിന്റെ പന്തില്‍ ക്യാച്ചിന് വിക്കറ്റ് കീപ്പര്‍ അപ്പീല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സ്നിക്കോമീറ്ററില്‍ പന്ത് താരത്തിന്റെ ബാറ്റിലോ ഗ്ലൗവിലോ തട്ടിയതായി തെളിഞ്ഞില്ല. പക്ഷേ പന്തിന്റെ ഗതിമാറ്റം കണക്കിലെടുത്ത് ടി വി അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. തീരുമാനത്തില്‍ ഫീല്‍ഡ് അമ്പയര്‍മാരോട് പ്രതിഷേധം അറിയിച്ചാണ് ജയ്സ്വാള്‍ ക്രീസ് വിട്ടത്. 208 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 84 റണ്‍സെടുത്താണ് താരം മടങ്ങിയത്. ജയ്‌സ്വാള്‍ മടങ്ങിയതോടെ ഓസീസ് വിജയം ഉറപ്പിച്ചു.