ഒമര്‍ അബ്ദുള്ളക്ക് ഉടന്‍ മോചനമില്ല;  പതിനഞ്ചു ദിവസം കൂടി കാത്തിരിക്കണം  

ഒമര്‍ അബ്ദുള്ളക്ക് ഉടന്‍ മോചനമില്ല;  പതിനഞ്ചു ദിവസം കൂടി കാത്തിരിക്കണം  

ദില്ലി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച് രണ്ടിനു പരിഗണിക്കാനായി മാറ്റി. സഹോദരന്‍  വീട്ടു തടങ്കലില്‍ ആണെന്നും വേഗത്തില്‍ കേസ് പരിഗണിക്കണം എന്നും സാറ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഒമര്‍ അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നതെന്നും അവര്‍  ചൂണ്ടിക്കാട്ടി.  കേസ് എത്രയും വേഗം പരിഗണിക്കണമെന്ന സാറയുടെ വാദം കോടതി അംഗീകരിച്ചില്ല. 'ഇത്രയും കാലം കാത്തിരിക്കാമെങ്കില്‍ ഒരു സഹോദരിക്ക് എന്തുകൊണ്ട് പതിനഞ്ചു ദിവസം കൂടി ക്ഷമിച്ചുകൂടാ' എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. 

കശ്മീര്‍ പുനസംഘടനക്ക് ശേഷം  കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതലാണ് ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കളെ സര്‍ക്കാര്‍ തടവിലാക്കിയത്. കഴിഞ്ഞ ദിവസം   ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗഡര്‍ കേസ് വാദം കേള്‍ക്കലില്‍ നിന്ന് പിന്മാറിയിരുന്നു.  കാരണം വ്യക്തമാക്കാതെയായിരുന്നു പിന്മാറ്റം. തുടര്‍ന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഇന്ന് ഹര്‍ജിയില്‍ വാദം കേട്ടത്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ ഭാര്യയാണ് സാറാ പൈലറ്റ്. ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമാണ്. ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയ നടപടി മനുഷ്യാവകാശലംഘനമാണെന്ന് സാറ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.