ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിംകളെക്കുറിച്ചുള്ള ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് ഇറാന്‍റെ പരമോന്നത നേതാവ് നടത്തിയ അഭിപ്രായങ്ങളെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.
നബിദിനത്തിൽ എക്‌സിൽ എഴുതിയ കുറിപ്പിലാണ് ഇറാൻ പരമോന്നത നേതാവ് ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്.ഇസ്‌ലാമിക സമൂഹത്തിന്‍റെ സ്വത്വത്തെ ഇസ്‌ലാമിന്‍റെ ശത്രുക്കൾ എപ്പോഴും നിസ്സംഗമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗാസയിലേയും മ്യാൻമറിലെയും ഇന്ത്യയിലെയും മുസ്‌ലിംകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നമ്മൾ മറന്നുപോയാൽ നമുക്ക് സ്വയം മുസ്‌ലിംകളായി കണക്കാക്കാനാവില്ല. ഇസ്‌ലാമിക സമൂഹം എന്ന ആശയം ഒരിക്കലും മറക്കാൻ പാടില്ല. ഇസ്‌ലാമിക സമൂഹത്തിന്‍റെ സ്വത്വം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ദേശീയതയെല്ലാം മറികടക്കുന്ന അടിസ്ഥാന പ്രശ്നമാണ്. ഭൂമിശാസ്ത്രപരമായ അതിർത്തികൾ കൊണ്ട് യാഥാർത്ഥ്യത്തെ ഇല്ലാതാക്കാനാവില്ല -ഇതായിരുന്നു നബിദിനത്തിൽ ഖാംനഈ എക്സിൽ കുറിച്ചത്.
എന്നാൽ, ഇത് തെറ്റായ വിവരവും അസ്വീകാര്യവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരാമർശത്തെ ശക്തമായി അപലപിക്കുന്നു. മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിക്കുംമുൻപ് സ്വന്തംരാജ്യത്തെ കാര്യങ്ങൾ പരിശോധിക്കണമെന്ന് വിദേശകാര്യ വക്താവ് രൻധീർ ജയസ്‌വാൾ പറഞ്ഞു.