കാന്‍പുര്‍: മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ ബാറ്റിങ്ങിനെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കളി ഇന്ത്യയുടെ വരുതിയിലാകുകയായിരുന്നു. ചുരുക്കത്തില്‍ രണ്ട് ദിവസത്തിനിടെ നാല് ഇന്നിങ്ങ്‌സുകള്‍ കണ്ട കളിയില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരായ പരമ്പര ആധികാരികമായി സ്വന്തമാക്കി(2-0)
ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 146 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ ഏവരും സമനിലയെന്ന് ഉറപ്പിച്ച മത്സരം രണ്ടാം സെഷനില്‍ തന്നെ പിടിച്ചെടുത്തത്. 95 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളാണ് വെടിക്കെട്ട് ബാറ്റിങ്ങിന് തിരികൊളുത്തിയത്. മൂന്നു ദിവസം മഴയില്‍ നഷ്ടപ്പെട്ടപ്പെട്ടതോടെ വിരസമായ സമനിലയില്‍ അവസാനിക്കേണ്ട കളിയാണ് ഇന്ത്യ വരുതിയിലാക്കിയത്. രണ്ടാം ഇന്ന്ങ്ങിസില്‍ ജയ്‌സ്വാള്‍(51), കോലി(29 നോട്ടൗട്ട്) എന്നിവര്‍ തിളങ്ങിയതോടെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജയ്‌സ്വാളിനെ കൂടാതെ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ആറു റണ്‍സില്‍ നില്‍ക്കെ ശുബ്മാന്‍ ഗില്ലിനേയുമാണ് ഇന്ത്യക്ക് നഷ്ടമായത്.