ഇന്ത്യൻ പൗരന് യുഎയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഇന്ത്യൻ പൗരന് യുഎയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു

അബുദാബി:ഇന്ത്യന്‍ പൗരന് യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോള്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. എന്നിരുന്നാലും  ഇന്ത്യന്‍ പൗരൻ്റെ ആരോഗ്യ നില തൃപ്തികാര്യമാണ് എന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പൗരന് യുഎഇയില്‍ കൊറോണ ബാധിച്ചതായി കണ്ടെത്തുന്നത്. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി.

പുതിയ കൊറോണ വൈറസ് ബാധകൾ ലോകത്തിൻ്റെ പലഭാഗങ്ങളിലായി സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ആശ്വാസകരമായ പല വാർത്തകളും പുറത്ത് വരുന്നുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് യുഎയിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്.  കൊറോണ ബാധയെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്ന 73കാരി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവര്‍ ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയില്‍ എത്തിയതാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇവരുടെ ശരീരത്തിലെ വൈറസ് സാന്നിദ്ധ്യം നെഗറ്റീവാണ്. രോഗി പൂര്‍ണമായും സുഖം പ്രാപിച്ചതായും തുടര്‍ന്ന് സാധാരണ ജീവിതം നയിക്കാനാവുമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യുഎഇ ആരോഗ്യ മന്ത്രാലയം ഹെല്‍ത്ത് സെൻ്റര്‍ ആൻ്റ് ക്ലിനിക്ക് വിഭാഗം അസിസ്റ്റൻ്റ് അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍ റാന്‍ഡ്, യുഎഇയിലെ ചൈനീസ് കോണ്‍സുല്‍ ജനറല്‍ ലി സുഹാങ് എന്നിവര്‍ രോഗിയെ സന്ദര്‍ശിച്ചു. ഒരാള്‍ സുഖം പ്രാപിച്ചത് ഏറെ ആത്മവിശ്വാസം നല്‍കുന്നുവെന്നും ഇപ്പോള്‍ യുഎഇയില്‍ ചികിത്സയിലുള്ള എല്ലാവരും ഉടന്‍ തന്നെ രോഗത്തെ അതിജീവിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.