രാജ്ഗിര്‍(ബിഹാര്‍): ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വനിതാ ഹോക്കിയില്‍ കിരീടം നിലനിര്‍ത്തി ഇന്ത്യ. പാരീസ് ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാക്കളായ ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് (1-0) ഇന്ത്യയുടെ കിരീടനേട്ടം. മൂന്നാം ക്വാര്‍ട്ടറില്‍ ദീപികയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ഇന്ത്യയുടെ മൂന്നാം കിരീടമാണിത്.
2016-ലും 2023-ലും ടീം കിരീടം നേടിയിരുന്നു. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ദക്ഷിണ കൊറിയയുടെ റെക്കോഡിനൊപ്പവും ഇന്ത്യയെത്തി. 31-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ദീപികയുടെ ഗോള്‍. 11 ഗോളുകളോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായും ദീപിക മാറി. ടൂര്‍ണമെന്റിലെ താരമായതും ദീപിക തന്നെ.
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയില്‍വേസിനെ കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പ്രാഥമിക റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. കരുത്തരായ റെയില്‍വേസിനെയാണ് കേരളം കീഴടക്കിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് (1-0) കേരളം വിജയിച്ചത്. പകരക്കാരനായിറങ്ങിയ മുഹമ്മദ് അജ്സലാണ് 71-ാം മിനിറ്റില്‍ കേരളത്തിന്റെ വിജയഗോള്‍ നേടിയത്. ഫൈനല്‍ റൗണ്ടിലേക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ക്ക് ഈ ജയം കരുത്തുപകരും.
നദാല്‍ യുഗത്തിന് തിരശ്ശീല; കളിമണ്‍കോര്‍ട്ടില്‍നിന്ന് കളമൊഴിഞ്ഞു, മടക്കം തോല്‍വിയോടെ
മലാഗ: സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ടെന്നീസില്‍നിന്ന് വിരമിച്ചു. കരിയറിലെ അവസാന ടൂര്‍ണമെന്റായ ഡേവിസ് കപ്പിലെ അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് പടിയിറക്കം. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിന്റെ ബോട്ടിക് വാന്‍ ഡി സാന്‍ഡ്ഷല്‍പ്പിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു (4-6, 4-6).
മലാഗയില്‍ നടന്ന മത്സരത്തിന് മുന്നോടിയായി സ്പാനിഷ് ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ നദാലിനെ വികാരാധീനനായി കാണപ്പെട്ടു. റാഫ, റാഫ വിളികളോടെ പതിനായിരത്തോളം ആരാധകരാണ് അവസാനമത്സരം കാണാനായെത്തിയത്. ഡേവിസ് കപ്പിനുശേഷം വിരമിക്കാനുള്ള തീരുമാനം നേരത്തേതന്നെ കൈക്കൊണ്ടതായിരുന്നു. 22 ഗ്രാന്‍ഡ്സ്ലാം ഉള്‍പ്പെടെ 92 കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഈ മുപ്പത്തെട്ടുകാരന്‍. 22 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമാവുന്നത്.