അത്‌ലറ്റികോ മാഡ്രിഡിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അത്‌ലറ്റികോ മാഡ്രിഡിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ലെപ്‌സിഗിനെ നേരിടാനൊരുങ്ങുന്ന അത്‌ലറ്റികോ മാഡ്രിഡിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ താരങ്ങള്‍ക്കാണോ കോച്ചിംഗ് സ്റ്റാഫുകള്‍ക്കാണോ കോവിഡെന്നുള്ള കാര്യം ക്ലബ് പുറത്തുവിട്ടിട്ടില്ല. ഇരുവരും ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചുവെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡാണെന്ന് വ്യക്തമായത്. 

പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ ഈ 13നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക. പിഎസ്ജി- അറ്റ്‌ലാന്റ മത്സരമാണ് ആദ്യം. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30നാണ് അത്‌ലറ്റികോയുടെ മത്സരം. ലിവര്‍പൂളിനെ മറികടന്നാണ് അത്‌ലറ്റികോ ക്വാര്‍ട്ടറിലെത്തിയത്. ഇരുപാദങ്ങളിലുമായി 4-2നായിരുന്നു അത്‌ലറ്റികോയുടെ ജയം.

ജൂലൈ 19ന് ശേഷം അത്‌ലറ്റികോ ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. ലാ ലിഗയില്‍ റയല്‍ സോസിഡാഡുമായിട്ടാണ് അവര്‍ അവസാനമായി കളിച്ചത്. അതുകൊണ്ടുതന്നെ കൂടുതല്‍ ഭയക്കേണ്ടതില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.