ലാഹോർ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടുപോകാൻ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാൻ പ്രൊവിൻസ് (ഐ.എസ്.കെ.പി) പദ്ധതിയിടുന്നതായി പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. ചൈനക്കാരേയും അറബ് രാജ്യങ്ങളിൽനിന്നുള്ളവരേയുമാണ് ഇവർ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നതെന്നും മോചന ദ്രവ്യത്തിനായാണ് പദ്ധതി തയ്യാറാക്കുന്നതെന്നുമാണ് റിപ്പോർട്ട്.
മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, താമസസ്ഥലങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നഗരങ്ങളിൽനിന്നും അകലെയുള്ള പ്രദേശങ്ങളിലെ താമസസ്ഥലങ്ങൾ ഐ.എസ്.കെ.പി ഭീകരർ വാടകയ്ക്കെടുത്തിട്ടുണ്ടെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. നിരീക്ഷണ ക്യാമറകൾ പോലും ഇല്ലാത്ത സ്ഥലങ്ങളാണിത്. മുസ്ലീങ്ങൾക്കെതിരായ ബൗദ്ധിക യുദ്ധത്തിനുള്ള പാശ്ചാത്യ ഉപകരണമാണ് ക്രിക്കറ്റ് എന്ന് അവകാശപ്പെടുന്ന 19 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ 2024-ൽ ഐഎസ്‌കെപിയുമായി ബന്ധമുള്ള അൽ അസൈം മീഡിയ പുറത്തിറക്കിയിരുന്നു.
പ്രധാന അന്താരാഷ്ട്ര ഇവന്റുകൾ സുരക്ഷിതമാക്കുന്നതിൽ പാകിസ്താൻ വെല്ലുവിളി നേരിടുന്നതിനിടെയാണ് പുതിയ ഭീഷണി. വിദേശ പൗരന്മാർക്കെതിരായ ആക്രമണം പാകിസ്താൻ നിസാരവത്കരിക്കുകയാണെന്ന ആരോപണങ്ങൾ നേരത്തേതന്നെയുണ്ട്. 2024-ൽ ഷാങ്ലയിൽ ചൈനീസ് എൻജിനീയർമാർക്കെതിരായ ആക്രമണവും 2009-ൽ ലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണവും പാകിസ്താനിലെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയും (ജി.ഡി.ഐ) പ്രധാന സ്ഥലങ്ങളിൽ ഐഎസ്‌കെപി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അധികൃതർക്ക് മുന്നറിയിപ്പ് നൽകുകയും ഗ്രൂപ്പുമായി ബന്ധമുള്ള കാണാതായ പ്രവർത്തകരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.