ബെയ്റൂട്ട്: ലെബനനില്‍ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രയേല്‍. ഇസ്രയേല്‍ അതിര്‍ത്തിക്കടുത്തുള്ള ലെബനീസ് ഗ്രാമങ്ങളിലാണ് ആക്രമണം. വ്യോമാക്രമണങ്ങളുടെയും പീരങ്കികളുടെയും പിന്തുണയോട് കൂടിയാണ് ഇസ്രയേല്‍ സൈന്യം ഗ്രാമങ്ങളിലേക്ക് പ്രവേശിച്ചത്. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പരിമിത ആക്രമണമാണ് നടത്തുന്നതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ലെബനീസിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് കരയാക്രമണം ആരംഭിച്ചിരിക്കുന്നത്. തീരദേശ നഗരമായ സിഡോണിലെ ഐന്‍ അല്‍-ഹില്വേ അഭയാര്‍ത്ഥി ക്യാമ്പിലും ആക്രമണം നടത്തി. കരയാക്രമണത്തോടൊപ്പം വ്യോമാക്രമണവും ഇസ്രയേല്‍ തുടരുന്നുണ്ട്. തെക്കന്‍ ലെബനനിലെ കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ശബ്ദത്തോട് കൂടിയുള്ള വ്യോമാക്രമണം നടന്നുവെന്നും ബെയ്റൂട്ടിലെ പ്രാന്തപ്രദേശങ്ങളില്‍ പുക ഉയരുന്നത് കണ്ടുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇസ്രയേല്‍ സൈനികരും ഹിസ്ബുള്ളയും നേരിട്ടുള്ള ഏറ്റുമുട്ടലുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് നേതാക്കളെ ലക്ഷ്യമിട്ട് കൊണ്ട് ഇസ്രയേല്‍ ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം നടത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച ഹിസ്ബുള്ള നേതാവ് ഹസന് നസ്റല്ല ഉള്‍പ്പെടെ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടു. അതേസമയം ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുളള. ടെല്‍ അവീവിലേക്ക് റോക്കറ്റാക്രമണം നടത്തി. എന്നാല്‍ പത്തോളം റോക്കറ്റുകള്‍ തടഞ്ഞെന്ന് ഇസ്രായേല്‍ സേന അറിയിച്ചു.