പിഎസ്എല്‍വി ദൗത്യം വിജയം:ചാരഉപഗ്രഹം ഭ്രമണപഥത്തില്‍ 

പിഎസ്എല്‍വി ദൗത്യം വിജയം:ചാരഉപഗ്രഹം ഭ്രമണപഥത്തില്‍ 

ശ്രീഹരിക്കോട്ട: പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) ചരിത്രക്കുതിപ്പ് നടത്തി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി. പിഎസ്എല്‍വിയുടെ അന്‍പതാം വിക്ഷേപണമാണ് വിജയകരമായത്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ചാരഉപഗ്രഹമായ റിസാറ്റ് -2 ബിആര്‍ 1 ആണ് അന്‍പതാം ദൗത്യത്തില്‍ ലക്ഷ്യത്തിലെത്തിച്ചത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 3.25 നാണ് പിഎസ്എല്‍വി 48 കുതിച്ചുയര്‍ന്നത്.പിഎസ്എല്‍വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം.

628 കിലോഗ്രാം ഭാരം വരുന്ന റഡാര്‍ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് -2 ബിആര്‍ 1. 37 ഡിഗ്രി ചെരിവില്‍ 576 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ ഇത് എത്തിക്കുവാനുള്ള വിക്ഷേപണമാണ് വിജയകരമായത്.ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി (എന്‍എസ്ഐഎല്‍) ചേര്‍ന്ന് വാണിജ്യാടിസ്ഥാനത്തില്‍ യുഎസ്എ,ഇസ്രയേല്‍,ഇറ്റലി,ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് വിദേശ ഉപഗ്രഹങ്ങളും റിസാറ്റ് 2 ബിആര്‍ 1 ഉപഗ്രഹത്തിനൊപ്പം വിക്ഷേപിച്ചു. ദൗത്യം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ അഭിനന്ദിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ (എസ്ഡിഎസ്സി) നിന്നുള്ള 75-ാമത്തെ വിക്ഷേപണ ദൗത്യമായിരുന്നു ബുധനാഴ്ചത്തേത്.റോക്കറ്റ് ഉയര്‍ന്ന് 16 മിനിറ്റിനുള്ളില്‍ റിസാറ്റ് -2 ബിആര്‍ 1 വിന്യസിക്കപ്പെട്ടു.ഒരു മിനിറ്റിന് ശേഷം ഒന്‍പത് ഉപഭോക്തൃ ഉപഗ്രഹങ്ങളില്‍ ആദ്യത്തേത് പുറന്തള്ളി. ഉപഭോക്തൃ ഉപഗ്രഹങ്ങളില്‍ അവസാനത്തേത് ഭ്രമണപഥത്തിലെത്തിച്ചതോടെ ഏകദേശം 21 മിനിറ്റിനുള്ളില്‍ മുന്‍നിശ്ചയിച്ച പ്രകാരം വിക്ഷേപണ ദൗത്യം പൂര്‍ത്തിയായി.