ബംഗളൂരു: ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വച്ച് കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്‌പേഡെക്‌സ് പരീക്ഷണ തീയതി വീണ്ടും മാറ്റി. നാളെ രാവിലെ പരീക്ഷണം നടത്താനിരിക്കെയാണ് തീയതി മാറ്റിയത്. എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് പരസ്പരം ബന്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇവ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്ന പ്രക്രിയയുടെ വേഗം കൂടിയതാണ് പരീക്ഷണം മാറ്റാന്‍ കാരണമായത്.
ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്നതിനിടെ കൂടുതല്‍ അടുത്തതായും എന്നാല്‍ ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐഎസആര്‍ഒ അറിയിച്ചു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ദൗത്യമാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നത്.
ഉപഗ്രഹങ്ങള്‍ ദൃശ്യപരതയ്ക്ക് അപ്പുറത്തേക്ക് പോയതായും എന്നാല്‍ ഇവ പിന്നീട് ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞതായും ഐസ്ആര്‍ഒ അറിയിച്ചു. ഇത് രണ്ടാം തവണയാണ് സ്പേഡെക്സിന്റെ ഡോക്കിങ് പരീക്ഷണം ഐഎസ്ആര്‍ഒ മാറ്റുന്നത്.
ഡിസംബര്‍ 30നാണ് സ്‌പേഡെക്‌സ് പരീഷണത്തിനുള്ള 2 ചെറുഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 ഭ്രമണപഥത്തിലെത്തിച്ചത്. പേടകങ്ങളെ ബഹിരാകാശത്തുവച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍.