കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിൻ്റെ കൊലപാതകത്തില്‍ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും. ഗഫൂറില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണം മറ്റു ജില്ലകളിലും വിറ്റിട്ടുണ്ടെന്നാണ് പ്രതികളുടെ മൊഴി. കേസില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ സംഘത്തിന് കര്‍ണാടകത്തില്‍ അടക്കം കണ്ണികള്‍ ഉണ്ടെന്നാണ് അബ്ദുള്‍ ഗഫൂറിൻ്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
596 പവന്‍ സ്വര്‍ണമാണ് സംഘം പലപ്പോഴായി അബ്ദുള്‍ ഗഫൂറില്‍ നിന്നും തട്ടിയെടുത്തത്. സ്വര്‍ണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു മന്ത്രിവാദിനിയായ യുവതിയും സംഘവും സ്വര്‍ണം വാങ്ങിയെടുത്തത്. വാങ്ങിയ സ്വര്‍ണം അബ്ദുള്‍ ഗഫൂര്‍ തിരികെ ചോദിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. സ്വര്‍ണം വിറ്റു കിട്ടിയ പണം ആഢംബര ജീവിതത്തിനും ഭൂമി ഇടപാടിനും വിനിയോഗിച്ചുവെന്നും പ്രതികള്‍ വെളിപ്പെടുത്തി.
മന്ത്രിവാദിനിയായ ജിന്നുമ്മ എന്ന ഷെമീനയുടെ ഭര്‍ത്താവ് ഉബൈസ് ആണ് കേസിലെ ഒന്നാം പ്രതി. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഇതിനായി സംഭവദിവസം പ്രത്യേക മന്ത്രവാദം നടത്താന്‍ തീരുമാനിച്ചു. മന്ത്രവാദ സമയത്ത് വീട്ടുകാരെ അവിടെ നിന്നും മാറ്റണമെന്ന് അബ്ദുള്‍ ഗഫൂറിന് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രവാദത്തിനു ശേഷം, പലതവണയായി കൈപ്പറ്റിയ സ്വര്‍ണം തിരിച്ചു ചോദിച്ചപ്പോള്‍ ഗഫൂറിൻ്റെ തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.
കേസില്‍ അറസ്റ്റിലായ ജിന്നുമ്മ എന്നറിയപ്പെടുന്ന ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിൻ്റെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. പണം വന്ന വഴികള്‍, കൈകാര്യം ചെയ്ത വ്യക്തികള്‍ തുടങ്ങിയവയെല്ലാം പരിശോധിക്കും. പ്രതികള്‍ക്ക് വന്‍ സ്വാധീനമുണ്ടെന്നും, കര്‍ണാടകയില്‍ അടക്കം ബന്ധങ്ങളുണ്ടെന്നും അബ്ദുള്‍ ഗഫൂറിൻ്റെ വീട്ടുകാര്‍ പറയുന്നു. അറസ്റ്റിലായ മന്ത്രവാദിനി കൂളിക്കുന്ന് സ്വദേശി കെ. എച്ച് ഷമീന, ഭര്‍ത്താവ് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്‌നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരെ കോടതി റിമാൻ്റ് ചെയ്തിരുന്നു. സംഘം തട്ടിയെടുത്ത 29 പവന്‍ സ്വര്‍ണം പൊലീസ് ഇന്നലെ കാസര്‍കോട് നഗരത്തിലെ ഒരു ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു.
സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെയാണ് ജിന്നുമ്മയും സംഘവും തട്ടിപ്പിനായി ലക്ഷ്യമിട്ടിരുന്നത്. ഇങ്ങനെയുള്ളവരെ കണ്ടെത്തി അവരുടെ കുടുംബപശ്ചാത്തലം ശേഖരിച്ച് ജിന്നുമ്മയ്ക്ക് കൈമാറും. ജിന്നുമ്മയാണ് കഷ്ടതകളില്‍നിന്ന് മോചിപ്പിച്ചതെന്ന് ഇരയാക്കാന്‍ കണ്ടെത്തിയ ആളോട് ഇവര്‍ പറയുകയും ചെയ്യും. ഇങ്ങനെ ജില്ലയുടെ പല സ്ഥലത്തുമുള്ള പണക്കാരുടെ വീടുകളില്‍ ഈ സംഘം തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
രണ്ടാം പ്രതിക്ക് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരപ്രദേശത്തെ ഒരു പ്രവാസിയെ ഹണി ട്രാപ്പില്‍പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ 14 ദിവസം ഇവര്‍ ജയിലില്‍ കിടന്നിരുന്നു. അന്ന് ഒപ്പം നിന്നവരാണ് ഇപ്പോഴത്തെ തട്ടിപ്പ് സംഘത്തിലുമുള്ളതെന്നാണ് പോലീസ് കണ്ടെത്തിയത്.
പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്മയില്‍ എം സി അബ്ദുല്‍ ഗഫൂറിനെ (55) 2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ദുര്‍മന്ത്രവാദത്തിൻ്റെ ഭാഗമായി പ്രത്യേക വസ്ത്രം ധരിക്കണമെന്നും ഒറ്റയ്ക്കായിരിക്കണം കര്‍മങ്ങള്‍ ചെയ്യേണ്ടതെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനായി അബ്ദുള്‍ ഗഫൂറിൻ്റെ ഭാര്യയും മകളും ഉള്‍പ്പെടെയുള്ളവരെ സമീപത്തെ ബന്ധുവീട്ടിലേക്കു പറഞ്ഞുവിട്ടിരുന്നു. വീട്ടുകാര്‍ രാവിലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അബ്ദുള്‍ ഗഫൂറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കബറടക്കി.
മരിച്ച ദിവസം വൈകിട്ട് അബ്ദുള്‍ ഗഫൂര്‍ വാങ്ങിയ സ്വര്‍ണാഭരണത്തെക്കുറിച്ച് വീട്ടില്‍ ചര്‍ച്ചയായി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വീട്ടിലുള്ളതും സഹോദരിമാര്‍ ഉള്‍പ്പെടെ 12 പേരില്‍നിന്ന് വാങ്ങിയതുമുള്‍പ്പെടെ 596 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് വ്യക്തമായി. ഈ സ്വര്‍ണം കണ്ടെത്താനായില്ല. സ്വര്‍ണം കാണാതായതിലും മരണത്തിലും സംശയം തോന്നി മകന്‍ മുസമ്മില്‍ ബേക്കല്‍ പോലീസിലും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതി നല്‍കി. ബേക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. മൃതദേഹം പുറത്തെടുത്ത് പോ സ്റ്റ്മോര്‍ട്ടം നടത്തി. തുടര്‍ന്ന് നടന്ന അന്വേഷണമാണ് കേസിൻ്റെ ചുരുള്‍ അഴിച്ചത്.