മാണി സാറേ എന്നു വിളിച്ചു, അദ്ദേഹം ചെറുതായി മൂളി

മാണി സാറേ എന്നു വിളിച്ചു, അദ്ദേഹം ചെറുതായി മൂളി

 

ഇന്നലെ രാവിലെ 11നാണ് മാണി സാറിനെ അവസാനമായി കണ്ടത്. എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലെ മുറിയില്‍ വച്ച് കൈയില്‍പിടിച്ച് മാണി സാറേ എന്നു വിളിച്ചു. മാണി സാര്‍ ചെറുതായി മൂളി. സ്‌നേഹിക്കാന്‍ മാത്രമേ മാണി സാറിന് അറിയൂ- സഹപ്രവര്‍ത്തകനായ പി. ജെ ജോസഫ് അനുസ്മരിച്ചു.

1970ല്‍ തൊടുപുഴയില്‍ നിന്നു ഞാന്‍ എംഎല്‍എയായി. അന്ന് നിയമസഭയില്‍ വച്ചാണ് ആദ്യമായി മാണി സാറിനെ കാണുന്നത്. പിന്നീട് ആ ബന്ധം വളര്‍ന്നു. അരനൂറ്റാണ്ടായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞപ്പോഴും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായതേയില്ല. എംഎല്‍എ ഹോസ്റ്റലില്‍ എന്‍റെ മുറിക്ക് അപ്പുറത്തും ഇപ്പുറത്തുമായിരുന്നു കെ.എം. ജോര്‍ജും കെ.എം. മാണിയും താമസിച്ചിരുന്നത്. കെ.എം. ജോര്‍ജും കെ.എം. മാണിയും ഇ. ജോണ്‍ ജേക്കബുമായിരുന്നു അന്ന് കേരള കോണ്‍ഗ്രസിന്‍റെ ശക്തരായ നേതാക്കള്‍.റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി കെ.എം. മാണിയും നെല്‍ കര്‍ഷകര്‍ക്ക് വേണ്ടി ഇ. ജോണ്‍ ജേക്കബും നിയമസഭയ്ക്കുള്ളില്‍ നിന്നു പോരാടിയപ്പോള്‍, കെ. എം. ജോര്‍ജിന്‍റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടായി. 1971ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ 3 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് വിജയിച്ചത്. ആര്‍. ബാലകൃഷ്ണപിള്ള, വര്‍ക്കി ജോര്‍ജ്, എം. എന്‍. ജോസഫ് എന്നിവരായിരുന്നു പാര്‍ട്ടിയുടെ  അംഗങ്ങള്‍.കേരള കോണ്‍ഗ്രസിന്‍റെ നിലപാടുകള്‍ സിപിഎമ്മിനും സ്വീകാര്യമായി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്ന, കെ.എം. മാണി അവതരിപ്പിച്ച ആലുവ സമ്മേളനത്തിലെ പ്രമേയം ശ്രദ്ധേയമായിരുന്നു.