back to top
Wednesday, February 5, 2025
Google search engine
HomeLatest Newsസാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കണം, കേരളത്തിന് പ്രത്യേക ​ഗ്രാന്റായി 13,922 കോടി അനുവദിക്കണം: ധനകമീഷനോട്‌ ഒറ്റക്കെട്ടായി കേരളം

സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കണം, കേരളത്തിന് പ്രത്യേക ​ഗ്രാന്റായി 13,922 കോടി അനുവദിക്കണം: ധനകമീഷനോട്‌ ഒറ്റക്കെട്ടായി കേരളം

തിരുവനന്തപുരം:കേന്ദ്രനികുതി വരുമാനത്തിന്റെ വിഭജനമുൾപ്പെടെ സംസ്ഥാനങ്ങൾക്ക്‌  സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള മാനദണ്ഡത്തിൽ മാറ്റംവരുത്തണമെന്ന്‌ 16–-ാം ധനകമീഷനോട്‌ ഒറ്റക്കെട്ടായി കേരളം. കൂടുതൽ നികുതി വിഹിതം അനുവദിക്കണമെന്ന്‌ കമീഷനുമായുള്ള ചർച്ചയിൽ സംസ്ഥാന സർക്കാരിനൊപ്പം മുഴുവൻ രാഷ്‌ട്രീയ പാർടികളും ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡം മാറ്റണമെന്ന്‌  സിപിഐ എം നിവേദനത്തിൽ ആവശ്യപ്പെട്ടു.   ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാൽ കേരളത്തിന്റെ റവന്യൂ ചെലവ്‌ വർധിച്ചിട്ടുണ്ടെന്നും അതിനാൽ പതിനഞ്ചാം ധനകാര്യ കമീഷൻ അനുദിച്ച 55000 കോടി രൂപയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്‌ തുടരണമെന്നും യുഡിഎഫും ആവശ്യപ്പെട്ടു.  

ഭൂവിസ്‌തൃതി മാനദണ്ഡപ്രകാരമുള്ള വിഹിതം 15 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമാക്കുക, ജനസംഖ്യാടിസ്ഥാന വിഹിതം 15 ശതമാനത്തിൽനിന്ന് 32.5 ശതമാനമാക്കുക, ഇതിന്‌ 1971ലെ സെൻസസ് അടിസ്ഥാനമാക്കുക, വനമേഖലാ മാനദണ്ഡമനുസരിച്ചുളള വിഹിതം 10 ശതമാനത്തിൽനിന്ന് 7.5 ശതമാനമായി കുറയ്‌ക്കുക എന്നീ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചതായി കമീഷൻ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രകടനം മികച്ചതാണെന്നും കമീഷൻ വിലയിരുത്തി. സെസ്, സർചാർജ് ഇനത്തിലുള്ള വരുമാനം പൂർണമായി കേന്ദ്രത്തിനാണ് ലഭിക്കുന്നതെന്ന കാര്യം വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു.

ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിന്‌ വിഭവങ്ങൾ അനിവാര്യമാണെന്നും അത് സംസ്ഥാനത്തിന് മാത്രമായി കണ്ടെത്താനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വയനാടിനായി കേന്ദ്രത്തിൽനിന്ന്‌ സാമ്പത്തിക സഹായത്തിന്‌ ധനകമീഷൻ ശുപാർശ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നികുതി വിഹിതത്തിലെ കുറവ്‌ സംസ്ഥാനത്തിന്റെ സാമ്പത്തികശേഷിയെ ബാധിക്കുന്നകാര്യം സർക്കാർ നിരന്തരം ഉന്നയിച്ചുവരികയാണ്‌. പത്താം ധനകമീഷൻ വിഹിതം 3.88 ശതമാനമായിരുന്നത്‌ 15–-ാം ധനകമീഷൻ 1.92 ശതമാനമാക്കി. തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റിലും ഇതേ സ്ഥിതിയാണ്‌. പത്താം ധനകമീഷൻ അനുവദിച്ച 4.54 ശതമാനമെന്നത്‌ ഇപ്പോൾ 2.68 ശതമാനമായി.

ഗ്രാന്റും നികുതിവരുമാന വിഹിതവും വെട്ടിക്കുറച്ചും വായ്‌പയെടുക്കൽ പരിധി കുറച്ചുമുള്ള കേന്ദ്രനയം സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർക്കുന്നുണ്ട്‌. അതിനാൽ യോജിച്ച നിലപാടെടുക്കാൻ അഞ്ചു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം കേരളം വിളിച്ചുചേർത്തിരുന്നു. വ്യത്യസ്‌ത രാഷ്‌ട്രീയ വീക്ഷണമുള്ള സർക്കാരുകളായിരുന്നിട്ടും കേരളത്തിന്റെ അഭിപ്രായമായിരുന്നു മറ്റുള്ളവർക്കും. ധനകമീഷനുമുന്നിൽ ഏകാഭിപ്രായമുയരാൻ കേരളത്തിന്റെ മുൻകൈ സഹായിച്ചു.

കേരളത്തിന്റെ ആവശ്യം പരിശോധിക്കും: 
ധനകമീഷൻ ചെയർമാൻ
സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കുവയ്ക്കുന്ന നികുതി വിഹിതം 50 ശതമാനമായി ഉയർത്തണമെന്നതുൾപ്പെടെ കേരളം മുന്നോട്ടുവച്ച ആവശ്യങ്ങൾ ധനകമീഷൻ പരിശോധിക്കുമെന്ന്‌ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘സമാനമായ ശുപാർശ മറ്റുസംസ്ഥാനങ്ങളിൽനിന്നും ലഭിച്ചിട്ടുണ്ട്‌. കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾ സന്ദർശിച്ചു. കേന്ദ്രം നികുതി വിഹിതം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ വലിയ മാറ്റം കേരളം നിർദേശിച്ചിട്ടുണ്ട്. ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ വിഹിതം നിശ്ചയിക്കണമെന്നതാണ്‌ കേരളം മുന്നോട്ടുവച്ച മറ്റൊരു ആവശ്യം.

ദുരന്തനിവാരണത്തിന്‌ കൂടുതൽ വിഹിതവും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിശീർഷ വരുമാനം കുറവുള്ള സംസ്ഥാനങ്ങൾക്ക് നിലവിൽ കൂടുതൽ വിഹിതം ലഭിക്കുന്നുണ്ട്. ഇത്‌ നിലവിലെ 45 ശതമാനത്തിൽനിന്ന് 30 ആക്കണമെന്നും കേരളം നിർദേശിച്ചു. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രകടനം മികച്ചതാണ്‌. സംസ്ഥാന വരുമാനത്തിന്റെ നല്ല പങ്ക്‌ തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി നൽകുന്നുണ്ട്‌’’–- അദ്ദേഹം പറഞ്ഞു. കമീഷൻ അംഗങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments