'100 മരങ്ങള്‍ നട്ടു പിടിപ്പക്കണം' മുന്‍ വ്യവസായ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശിക്ഷ

'100 മരങ്ങള്‍ നട്ടു പിടിപ്പക്കണം' മുന്‍ വ്യവസായ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശിക്ഷ

കൊച്ചി: കോടതി നിര്‍ദ്ദേശം പാലിക്കാത്തതിന് മുന്‍ വ്യവസായ സെക്രട്ടറിക്ക് മരം നടല്‍ ശിക്ഷ നല്‍കി ഹൈക്കോടതി.മുന്‍ വ്യവസായ സെക്രട്ടറി കെ ബിജു 100 വൃക്ഷത്തൈകള്‍ നടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ജസ്റ്റിസ് അമിത് രാവലിന്റേതാണ് ഉത്തരവ്.തൈകള്‍ നടേണ്ട സ്ഥലങ്ങള്‍ വനംവകുപ്പ് നിര്‍ദ്ദേശിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.ചരിത്രത്തിലാദ്യമായാണ് കേരള ഹൈക്കോടതി ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്.

2000 മുതല്‍ തുടരുന്ന ഒരു നികുതിയിളവ് കേസിലാണ് രസകരമായ ശിക്ഷാ നടപടി.കൊച്ചി ആസ്ഥാനമായ എസ്എസ് കെമിക്കല്‍സാണ് കേസിലെ വാദി.കാര്‍ബണേറ്റഡ് സിലിക്കേറ്റ് എന്ന രാസവസ്തു നിര്‍മ്മിച്ച് വില്‍കുന്ന എസ്എസ് കെമിക്കല്‍സിന്റെ സെയില്‍സ് ടാക്‌സില്‍ ഇളവ് നല്‍കുന്നതാണ് നീണ്ട നിയമ പ്രക്രിയയിലേക്ക് കടന്നത്.പല വട്ടം ഹൈക്കോടതിയില്‍ നിന്ന് നികുതിയിളവിന്റെ കാര്യത്തില്‍ അനുകൂല ഉത്തരവുണ്ടായിട്ടും ഇത് നടപ്പാക്കാന്‍ നികുതിയിളവ് അനുവദിക്കേണ്ട സംസ്ഥാന സമിതിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇതിനെ തുടര്‍ന്നാണ് വിചിത്ര ശിക്ഷയിലേക്ക് കോടതി കടന്നത്. കുഷ്ഠരോഗികളെ പരിചരിക്കണമെന്നായിരുന്നു കോടതിയുടെ ആദ്യ നിര്‍ദ്ദേശം എന്നാല്‍ കേരളം കുഷ്ഠ രോഗമുക്തമാണെന്ന് അഭിഭാഷകന്‍ അറിയിച്ചതോടെ ശിക്ഷ ചെടി നടലായി മാറ്റുകയായിരുന്നു.