നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കന്നിക്കിരീടം സ്വപ്നംകണ്ടിറങ്ങിയ കേരളം മറുപടി ബാറ്റിങ് തുടരുന്നു. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെന്ന നിലയിലാണ്. ആദിത്യ സർവാതെയും(66) സച്ചിൻ ബേബിയുമാണ് (7) ക്രീസിൽ. ആദ്യ ഇന്നിങ്സിൽ വിദർഭയെ 379 റൺസിന് കേരളം പുറത്താക്കിയിരുന്നു.രണ്ടാംദിനം ബൗളിങ്ങിൽ ഉജ്ജ്വലപ്രകടനമാണ് കേരളം കാഴ്ചവെച്ചത്. ബുധനാഴ്ച നാലു വിക്കറ്റുകൾ നേടിയ കേരളം വ്യാഴാഴ്ച ശേഷിച്ച ആറുവിക്കറ്റുകൾക്കൂടി പിഴുതു.
മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിന് 14 റൺസിനിടെ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. അക്ഷയ് ചന്ദ്രൻ (14), രോഹൻ കുന്നുമ്മൽ (0) എന്നിവരെയാണ് തുടക്കത്തിൽ തന്നെ നഷ്ടമായത്. പിന്നാലെ അഹമ്മദ് ഇമ്രാനും ആദിത്യ സർവാതെയും ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റി. ടീം സ്കോർ 116-ൽ നിൽക്കേ അഹമ്മദ് ഇമ്രാനെയും(37) നഷ്ടമായി. അർധസെഞ്ചുറി തികച്ച ആദിത്യ സർവാതെയാണ് ടീം സ്കോർ ഉയർത്തിയത്. ദർശൻ നൽകണ്ഡെ രണ്ടു വിക്കറ്റുകൾ നേടിയപ്പോൾ യാഷ് താക്കൂർ ഒരു വിക്കറ്റെടുത്തു.
വ്യാഴാഴ്ച 125 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് വിദര്‍ഭയ്ക്ക് ആറുവിക്കറ്റുകള്‍ നഷ്ടമായത്. പത്താംവിക്കറ്റില്‍ 44 റണ്‍സിന്റെ കൂട്ടുകെട്ട് പിറന്നു. സെമിയിൽ കളിച്ച വരുൺ നായനാർക്ക് പകരക്കാരനായിറങ്ങിയ ഏദൻ ആപ്പിൾ ടോമിനും എം.ഡി. നിധീഷിനും മൂന്നുവീതം വിക്കറ്റുകൾ. എൻ. ബാസിൽ രണ്ടുവിക്കറ്റുകൾ നേടിയപ്പോൾ ജലജ് സക്സേന ഒരു വിക്കറ്റും പിഴുതു. വിദർഭയ്ക്കായി പത്താംവിക്കറ്റിൽ ഹർഷ് ദുബെയും നാചികെട്ട് ഭൂട്ടെയും ചേർന്ന് 44 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഭൂട്ടെ 32 റൺസും ദുബെ പുറത്താവാതെ 12 റൺസും നേടി.
ഡാനിഷ് മാലേവര്‍ എന്ന ഇരുപത്തൊന്നുകാരന്റെ ചെറുത്തുനില്‍പ്പിന് അറുതിയാക്കി എൻ. ബാസിലാണ് വ്യാഴാഴ്ച ആദ്യ കൊയ്ത്ത് തുടങ്ങിയത്. സ്വന്തം സ്‌കോര്‍ നൂറ്റന്‍പതും കടന്ന് മുന്നേറുകയായിരുന്ന മാലേവർ, എന്‍.പി. ബാസിലിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. 285 പന്ത് നേരിട്ട വിദർഭ താരം മൂന്ന് സിക്‌സും 15 ബൗണ്ടറിയും സഹിതം 153 റണ്‍സ് നേടി. 100-ാം ഓവറിൽ യഷ് താക്കൂറിനെയും ബാസിൽതന്നെ പുറത്താക്കി. ഇതോടെ കഴിഞ്ഞദിവസം അവസാനിക്കുമ്പോള്‍ ക്രീസിൽ നിലയുറപ്പിച്ച രണ്ടുപേരെയും ഒഴിവാക്കാൻ കേരളത്തിനായി.
തൊട്ടടുത്ത ഓവറിൽ യഷ് റാത്തോഡിനെ ഏദൻ ആപ്പിളും മടക്കിയതോടെ വിദർഭയുടെ നില പരുങ്ങലിലായി. 290-ൽനിന്ന് 300-ലേക്കുള്ള ഓട്ടത്തിൽ ഏഴ് റൺസെടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് ടീമിന്റെ വീര്യം ചോർത്തി. 111-ാം ഓവറില്‍ അക്ഷയ് കര്‍നേവറിനെ (12) രോഹന്‍ കുന്നുമ്മലിന്റെ കൈകളിലേക്ക് നല്‍കി സക്‌സേന മത്സരത്തിലെ ആദ്യ വിക്കറ്റ് നേടി. അസ്ഹറുദ്ദീന് ക്യാച്ച് നൽകി ക്യാപ്റ്റൻ അക്ഷയ് വദ്കറിനെ (23) മടക്കി ഏദൻ ആപ്പിളും നാചികെട്ട് ഭൂട്ടെയെ എം.ഡി. നിധീഷും മടക്കി.