തിരുവനന്തപുരം: കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നവംബർ 22 മുതല് 24 വരെ അന്താരാഷ്ട്ര സംഗീതോത്സവമായ ഇൻ്റർനാഷണൽ ഇൻഡിപെൻഡൻ്റ് മ്യൂസിക് ഫെസ്റ്റിവലിൻ്റെ (ഐ.ഐ.എം.എഫ്) മൂന്നാം പതിപ്പ് അരങ്ങേറും. മാർടൈർ (നെതർലാൻ്റ്സ്), ലേസി ഫിഫ്റ്റി (ന്യൂസിലാൻ്റ്), കോൾഡ് ഡ്രോപ്പ് (ഡെൻമാർക്ക്), ആഫ്രോഡെലിക് (ലിത്വാനിയ), ഡീർ എംഎക്സ് (മെക്സിക്കോ), ദി യെല്ലോ ഡയറി, പരിക്രമ, തബാ ചാക്കെ, അസൽ കൊലാർ, വൈൽഡ് വൈൽഡ് വുമൺ, 43 മൈൽസ്, കുളം, പ്രാർത്ഥന, ഗാബ്രി, ഡ്യുയലിസ്റ്റ് എൻക്വയറി, സ്ട്രീറ്റ് അക്കാദമിക്സ്, ഡിഐവൈ ഡിസ്ട്രക്ഷൻ തുടങ്ങി 6 രാജ്യങ്ങളിൽ നിന്നായി 17 അന്താരാഷ്ട്ര കലാകാരന്മാരുടെ നീണ്ട നിര തന്നെ അണിനിരക്കുന്നു. വിവിധ ഭാഷകളിൽ മെറ്റൽ, ഹാർഡ് റോക്ക്, റോക്ക് ടു ഹിപ്-ഹോപ്പ്, ഫോക്ക്, ബ്ലൂസ്, ഇഡിഎം തുടങ്ങി സംഗീത പ്രേമികളുടെ ഏത് അഭിരുചിയേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ബാൻഡുകളാണ് മേളയിൽ അവതരിപ്പിക്കപ്പെടുക.
തുടർച്ചയായി രണ്ട് പതിപ്പുകൾ വിജയകരമായി പൂർത്തിയാക്കിയ അനുഭവസമ്പത്തുമായാണ് ഈ വർഷം ഐഐഎംഎഫ് ഒരു സംഗീത ഉത്സവം എന്നതിലുപരി കലാപ്രേമികൾക്ക് ഒരു മനസ്സോടെ ഏറ്റെടുക്കാൻ കഴിയുന്ന സാംസ്കാരിക അനുഭവമായി പുതുമയോടെ അവതരിപ്പിക്കാൻ ക്രാഫ്റ്റ് വില്ലേജ് തീരുമാനിച്ചതെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി.യു ശ്രീപ്രസാദ് പറഞ്ഞു. ആഭരണ നിർമാണം, മൺപാത്ര നിർമ്മാണം, വുഡ് വർകിങ്, കളരിപ്പയറ്റ്, ബീച്ച് യോഗ, മെഡിറ്റേഷൻ എന്നിവ പരിശീലിക്കുന്നതിനായി ക്യാമ്പിംഗ് സൗകര്യങ്ങളും ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പര്യവേക്ഷണം ചെയ്യുന്നതിനായി ഇൻഡി സംഗീതത്തിനും ശില്പശാലകൾക്കുമൊപ്പം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ തത്സമയ കലാ-കരകൗശല പ്രദർശനവും പങ്കെടുക്കുന്നവർക്ക് ആസ്വദിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.