ന്യൂഡല്‍ഹി: അര്‍ഹിക്കുന്നവര്‍ക്ക് നീതി നല്‍കുക എന്നതിനെക്കാള്‍ മഹത്തരമായത് മറ്റൊന്നുമില്ലെന്ന് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഞായറാഴ്ച ഔദ്യോഗിക പദവിയില്‍നിന്ന് വിരമിക്കുന്ന അദ്ദേഹം സഹപ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കവേ വികാരഭരിതനായി. നവംബര്‍ 10-ന് വിരമിക്കുന്ന അദ്ദേഹത്തിന്റെ അവസാനത്തെ പ്രവര്‍ത്തിദിനമായിരുന്നു ഇന്ന്.
അച്ഛന്റെ പാത പിന്തുടര്‍ന്നാണ് രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ ഭാഗമായി ജോലി ചെയ്യാന്‍ ഡി.വൈ. ചന്ദ്രചൂഡ് എത്തിയത്. ഓരോ ദിവസവും രാജ്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കാനയത് എന്നതില്‍ അതിയായ സന്തോഷവും അഭിമാനവും പങ്കുവെച്ച അദ്ദേഹം തന്റെ ജോലിയില്‍ ഏറെ അഭിമാനിക്കുന്നതായും പറഞ്ഞു. നിയുക്ത ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ജെ.ബി. പാര്‍ഡിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ച് അധ്യക്ഷത വഹിച്ച ചടങ്ങിലായിരുന്നു ഡി.വൈ. ചന്ദ്രചൂഡ് മനസ് തുറന്നത്.
ഈ സ്ഥാനത്ത് വന്ന ശേഷം ജനങ്ങള്‍ക്ക് വേണ്ടി നല്ലത് ചെയ്യാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. എല്ലാ ദിവസവും പുതിയതായി എന്തെങ്കിലും ഒരു കാര്യമെങ്കിലും പഠിക്കാന്‍ ഉണ്ടാവും. നിങ്ങള്‍ക്കറിയാത്ത, നിങ്ങള്‍ ഒരിക്കലും കാണാന്‍ ഇടയില്ലാത്ത ഏതൊക്കെയോ മനുഷ്യരുടെ ജീവിതത്തില്‍ നിങ്ങള്‍ പോലും അറിയാതെ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന ഒന്നാണ് ഈ ജോലി. അര്‍ഹിക്കുന്നവര്‍ക്ക് നീതി നല്‍കുക എന്നതിനെക്കാള്‍ മഹത്തരമായത് മറ്റൊന്നുമില്ല, ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു