കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. സിദ്ദിഖ് വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. അതേസമയം സിദ്ദിഖ് എവിടെ എന്നതില്‍ വ്യക്തതയില്ല. അദ്ദേഹത്തിന്റെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നാണ് പൊലീസ് പറയുന്നത്. കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശേരിയിലെ വീട്ടിലും സിദ്ദിഖ് ഇല്ല. കുട്ടമശേരിയിലെ വീട് പൂട്ടിയ നിലയിലാണ്.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സങ്ങള്‍ ഒന്നുമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശം നല്‍കി. സുപ്രീംകോടതി തീരുമാനം വരെ കാത്തിരിക്കേണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യാനും ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷ് നിര്‍ദേശം നല്‍കിയതാണ് വിവരം.
കേസ് കോടതിയിലെത്തിയപ്പോൾ സിദ്ദിഖ് ഉന്നയിച്ച പ്രധാന ആരോപണം പരാതിക്കാരി പരാതി ഉന്നയിക്കാൻ കാലതാമസമുണ്ടായി എന്നതാണ്. എന്നാൽ പരാതിയിൽ കാലതാമസം ഉണ്ടായി എന്നതുകൊണ്ട് കേസിന്റെ ഗൗരവം ഇല്ലാതാകുന്നില്ല. കൂടാതെ ഇതിൽ നിയമ നടപടികൾക്കും തടസമില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി മറുപടി നൽകിയത്. പരാതിക്കാരിക്കെതിരായ ആരോപണങ്ങളെ കോടതി തള്ളിക്കളഞ്ഞു. കൂടാതെ പരാതിക്കാരിക്കെതിരായ വ്യക്തിഹത്യ പാടില്ലെന്നും കോടതി പറഞ്ഞു.
പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി നാരായണന്‍ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. സിനിമയുടെ സ്ക്രീനിംഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്കറ്റ് ഹോട്ടലിൽ എത്തിയതിന്റേയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകൾ സിദ്ദീഖിന് എതിരായിരുന്നു. തുടർന്നാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.