ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും വിറ്റഴിഞ്ഞു. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഇഷ്യൂവില. അതായത് 44.40 രൂപ മുതൽ 46.69 രൂപവരെ. ഇതുപ്രകാരം കമ്പനി ഐപിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 136 കോടി ഡോളർ മുതൽ 143 കോടി ഡോളർ വരെയാണ്. അതായത് 11,424 കോടി രൂപ മുതൽ 12,012 കോടി രൂപവരെ.
നേരത്തേ 170-180 കോടി ഡോളർ വരെ (15,000 കോടി രൂപവരെ) സമാഹരണം ഉന്നമിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലുലു റീറ്റെയ്ൽ ഔദ്യോഗികമായി പ്രഖ്യാപിച്ച വില ഇതിനേക്കാൾ കുറഞ്ഞെങ്കിലും യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡാണ് സ്വന്തമാകുന്നത്.യുഎഇയിലെ ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നിങ്ങനെ റെക്കോർഡുകളും ലുലുവിന് സ്വന്തമാകും.