തൃശൂര്‍: സിപിഐ തൃശൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൂങ്കുന്നം സംഗമം വീട്ടില്‍ എം വിജയന്‍ (82) അന്തരിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഇസ്‌കസ്, ഐപ്‌സോ, യുവകലാസാഹിതി സംഘടനകളുടെ ആദ്യകാല ഭാരവാഹി തുടങ്ങി സര്‍വ്വീസ്, രാഷ്ട്രീയ, സാമൂഹ്യ കലാ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ പതിപ്പിച്ച അദ്ദേഹം ഗ്രന്ഥകാരനുമാണ്. കൊല്ലം ജില്ലയില്‍ ജനിച്ച എം. വിജയന്‍ തൃശൂര്‍ പൂങ്കുന്നത്താണ് സ്ഥിരതാമസം.
ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പൂങ്കുന്നത്തെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചശേഷം ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കരിക്കും. ഭാര്യ: എന്‍ സരസ്വതി(റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ), മക്കള്‍: പ്രൊഫ. മിനി(കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാംപസ്), അനില്‍കുമാര്‍(ബിസിനസ്സ്), മരുമകന്‍: അജിത്ത്കുമാര്‍(എഞ്ചിനീയര്‍, മലബാര്‍ സിമന്റ്‌സ്).
എം വിജയൻ്റെ നിര്യാണത്തില്‍ സി പി ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അനുശോചിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ സര്‍വ്വകക്ഷി അനുശോചനയോഗം ചേരും.