കോഴിക്കോട്: വിഖ്യാതസാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
കമൽഹാസൻ
എഴുത്തിന്റെ എല്ലാ തരത്തിലും സ്വന്തം തനിമയോടെ സംഭാവന ചെയ്ത വ്യക്തിത്വമാണ് എം.ടി. ഇതൊരു വലിയ നഷ്ടമാണ്. തെന്നിന്ത്യന്‍ സാഹിത്യ വായനക്കാരെയും കലാ ആസ്വാദകരെയും ദുഃഖത്തിലാഴ്ത്തിയാണ് എം.ടി.യുടെ വിടവാങ്ങല്‍. സാഹിത്യലോകത്തും സിനിമാരംഗത്തും പത്രപ്രവര്‍ത്തന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം വേദനാജനകമാണ്. വലിയ എഴുത്തുകാരന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
സത്യന്‍ അന്തിക്കാട്
എം.ടി. പണ്ട് പറഞ്ഞതായിട്ട് ഒരു വാചകം ഞാന്‍ വായിച്ചിരുന്നു. മരണത്തെപ്പറ്റിയാണ്. ”കാറ്റത്ത് ഒരു തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എന്റെ ആഗ്രഹം.” മരണത്തെപ്പറ്റി അത്രയും ഭംഗിയായിട്ട്, അത്രയും ലളിതമായിട്ട് ഒരു വാചകം ഞാന്‍ വായിച്ചിട്ടേയില്ല. ആരും പറഞ്ഞ് ഞാന്‍ കേട്ടിട്ടേയില്ല. എം.ടി യെ നേരിട്ടറിയാത്ത എത്രയോ പേരുടെ ഗുരുനാഥനാണ് അദ്ദേഹം. അക്ഷരങ്ങളോട് സ്നേഹം തോന്നിയപ്പോള്‍ മുതല്‍, എന്റെ തലമുറയില്‍പ്പെട്ട എല്ലാവരും ഗുരുവായിട്ടാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ഞാനൊക്കെ മനസ്സില്‍ ഒരു ബിംബമായിട്ടാണ് അദ്ദേഹത്തെ കണ്ടത്. എം.ടിയെ പോലെ എഴുതാന്‍ സാധിച്ചെങ്കില്‍, അതുപോലാകാന്‍ സാധിച്ചെങ്കില്‍ എന്ന് സ്വപ്നം കാണാറുണ്ട്.
സജി ചെറിയാന്‍
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ സര്‍ഗ്ഗസമ്പന്നവും അനശ്വരവുമായ അദ്ദേഹത്തിന്റെ സാഹിത്യലോകം നമുക്ക് കൈമാറിക്കൊണ്ട് വിടവാങ്ങിയിരിക്കുകയാണ്. മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തില്‍ വെളിച്ചം പകര്‍ന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞത്. ഈ നഷ്ടം വാക്കുകള്‍ക്ക് വിവരണാതീതമാണ്.
എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി മലയാളിയുടെ സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും ജീവിതാനുഭവങ്ങളെയും നവീകരിച്ച സാഹിത്യകാരനാണ് അദ്ദേഹം. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ സാംസ്‌കാരികമേഖലയുടെയാകെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു അദ്ദേഹം.
പ്രഭാവർമ്മ
‘സമാനതയില്ലാത്ത സാഹിത്യത്തിന്റെ വ്യക്തിത്വമായിരുന്നു എം.ടി എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ സമാനതയില്ലായ്മ എങ്ങനെയാണ് എം.ടി ആര്‍ജിച്ചത് എന്ന് ആലോചിക്കേണ്ടതുണ്ട്. ഏത് സര്‍ഗാത്മക സാഹിത്യക്കാരന്റെയും ഉള്ളില്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ ചില ആന്തരിക വിസ്‌ഫോടനങ്ങള്‍ ഉണ്ടാവും. ഏതൊക്കെയോ അനുഭവ മണ്ഡലങ്ങളിലേക്ക്, അതു വരെ എത്തിപെടാതെ അനുഭൂതിയിലേക്ക് ആ എഴുത്തുകാരനേയും ഒപ്പം ആ അനുവാചക സമൂഹത്തെയും അത് കൊണ്ടുപോവും. ഈ വിധത്തിലുള്ള ആന്തരിക വിസ്‌ഫോടനങ്ങള്‍ ധാരാളമായി നടന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ഗാത്മകതയുടെ ഉയരങ്ങള്‍ പടിപടിയായി കീഴടക്കിയിട്ടുള്ള ഒരു വ്യക്തിയായിട്ടാണ് എം.ടിയെ കാണുന്നത്
എ.കെ. ശശീന്ദ്രന്‍
മലയാളത്തെ വിശ്വസാഹിത്യ ലോകത്ത് അടയാളപ്പെടുത്തിയ എംടിയുടെ വിയോഗം തീരാനഷ്ടമാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപെട്ടു. കണ്ണാടിയിലെന്ന പോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളായിരുന്നു എം ടിയുടേത്. ‘എഴുത്തിന്റെ വിസ്മയം ‘ അതായിരുന്നു എംടി.
രമേശ് ചെന്നിത്തല
മലയാള സാഹിത്യത്തില്‍ ഇതിഹാസമായിരുന്നു എം.ടി വാസുദേവന്‍നായരെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവര്‍ത്തിയായ രചനകളാണ് എം.ടിയുടേത്.
കെ.കെ. രമ
വാക്കുകളുടെ പെരുന്തച്ചന്, തൊട്ടതെല്ലാം പൊന്നാക്കിയ കഥാകാരന്‍ ശ്രീ എം.ടി വാസുദേവന്‍ നായര്‍ക്ക് വിട.. ജന്മി നാടുവാഴിത്തത്തില്‍ നിന്ന് ആധുനികതയിലേക്ക് പരിണമിക്കുന്ന മലയാളിയുടെ മന:സംഘര്‍ഷങ്ങളായിരുന്നു എം.ടി.യുടെ കഥാഭൂമിക. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ മാത്രമല്ല, സാഹിത്യത്തില്‍ തനിക്കു ശേഷമുള്ള തലമുറയെ ശക്തമായി വാര്‍ത്തെടുത്ത മികച്ച ഒരു പത്രാധിപര്‍ കൂടിയായിരുന്നു എം.ടി.ഴി..
കെ.കെ. ശൈലജ
മലയാളികളുടെ പ്രിയപ്പെട്ട എം ടി ക്ക് വിട. അസുരവിത്തും നിര്‍മാല്യവുമുള്‍പ്പെടെ മതനിരപേക്ഷതയുടെ മഹത്തായ സന്ദേശം പകരുന്ന നിരവധി രചനകളാണ് എംടിയുടേതായി മലയാളത്തില്‍ പിറന്നത്.
മലയാള സാഹിത്യത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരനാണ് എം ടി വാസുദേവന്‍ നായര്‍. എം ടി യിലൂടെ മലയാള സാഹിത്യം ഒരു കാലത്തെ അടയാളപ്പെടുത്തി, പുതുതലമുറ ഒരു കാലഘട്ടത്തെ അറിഞ്ഞു.
വി.ടി. ബല്‍റാം
രണ്ടാമത് ഇനിയൊരൂഴമില്ല. ഇനി എംടിയില്ലാത്ത കാലം. കൂടല്ലൂരിന്റെ സ്വന്തം, മലയാളത്തിന്റെ സുകൃതം, ജ്ഞാനപീഠമേറിയ അക്ഷര പുണ്യം, എം.ടി.വാസുദേവന്‍ നായര്‍ക്ക്, പ്രിയപ്പെട്ട വാസുവേട്ടന്
അന്ത്യാഞ്ജലി
ഡോ. എം.കെ. മുനീര്‍
മലയാളികള്‍ക്ക് കഥകളുടെ സര്‍ഗവസന്തം തീര്‍ത്ത ഇതിഹാസ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് വിട
പി.വി. അബ്ദുള്‍ വഹാബ് എം.പി
മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് വിട. ഭാഷക്കും സാഹിത്യത്തിനും മികവുറ്റ സംഭാവനകള്‍ അര്‍പ്പിച്ച സാഹിത്യ കുലപതിയാണ് വിടവാങ്ങിയത്. നമ്മുടെ നാടിന് ഇതൊരു വലിയ നഷ്ടമാണ്. ആദരാഞ്ജലികള്‍.
ബെന്നി ബഹനാന്‍
‘വരും, വരാതിരിക്കില്ല കാത്തിരിപ്പിനോളം വലിയ പ്രാര്‍ത്ഥനയില്ല’ എം.ടി. വാസുദേവന്‍ നായര്‍. പ്രാര്‍ത്ഥനകള്‍ വിഫലമാവുന്നു, കാത്തിരിപ്പും വൃദ്ധാവിലായി പ്രിയപ്പെട്ട കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ വേര്‍പാടില്‍ വേദനയോടെ ദുഃഖം രേഖപ്പെടുത്തുന്നു. മലയാളിയുടെ വായനയും, എഴുത്തും ചിന്തകളും കാലങ്ങളോളം എം. ടി. യെന്ന രണ്ടക്ഷരത്തിനു ചുറ്റും ഭ്രമണം ചെയ്തിരുന്ന കാലം തുടരുക തന്നെ ചെയ്യും.
പ്രിയപ്പെട്ട എം.ടി.യുടെ ദീപ്ത സ്മരണകള്‍ക്കുമുന്നില്‍ പ്രണാമം
സി.എസ്. സുജാത
മലയാളത്തിന്റെ അതുല്യ പ്രതിഭയ്ക്ക് വിട. മലയാളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് പകരം വെക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ പ്രിയപ്പെട്ട എം ടി വാസുദേവന്‍ നായര്‍ വിട പറഞ്ഞിരിക്കുന്നു. സാഹിത്യത്തിന് പുറമെ ചലച്ചിത്ര രംഗത്ത് തിരക്കഥാകൃത്തായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച എം ടി അധ്യാപകന്‍, പത്രാധിപര്‍ എന്ന നിലകളിലും പ്രവര്‍ത്തിച്ചു. രണ്ട് സിനിമകളിലായി അഞ്ച് ഗാനങ്ങള്‍ക്കും എം ടി തൂലിക ചലിപ്പിച്ചിട്ടുണ്ട്.
പി.കെ. ബഷീര്‍
പകരം വെക്കാന്‍ മറ്റൊരാളില്ലാത്ത മഹാനായ എഴുത്തുകാരനാണ് പ്രിയപ്പെട്ട എം.ടി വാസുദേവന്‍ നായര്‍. മലയാളിയുടെ സ്വകാര്യ അഹങ്കാരമായിരുന്ന സാഹിത്യകാരനാണ് വിടവാങ്ങിയത്. നമ്മുടെ വായനയെയും നിലപാടുകളെയും ആഴത്തില്‍ സ്പര്‍ശിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. മരണം വരെ മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. പ്രിയ എഴുത്തുകാരന് ആദരാഞ്ജലികള്‍.
പി.പി. സുനീര്‍
മലയാളത്തിന്റെ സ്വന്തം എം.ടി യാത്രയായി… മലയാള സാഹിത്യത്തില്‍ ഇതിഹാസം തീര്‍ത്ത എം ടി മതനിരപേക്ഷതയുടെ മഹത്തായ സന്ദേശം പകരുന്ന നിരവധി രചനകളാണ് എം ടി യുടേതായി മലയാളത്തില്‍ പിറന്നത്. മലയാള സാഹിത്യത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരനാണ് എം ടി വാസുദേവന്‍ നായര്‍. എം ടി യിലൂടെ മലയാള സാഹിത്യം ഒരു കാലത്തെ അടയാളപ്പെടുത്തി, പുതുതലമുറ ഒരു കാലഘട്ടത്തെ അറിഞ്ഞു. മലയാള സാഹിത്യത്തിന് എം ടി യുടെ സംഭാവന വിലമതിക്കാനാവാത്തതാണ്.
ഡീന്‍ കുര്യാക്കോസ്
വിസ്മയം എന്ന വാക്കിന്റെ ആദ്യ പര്യായമാണ് എം.ടി വാസുദേവന്‍ നായര്‍. അക്ഷരങ്ങളെ കോര്‍ത്തിണക്കി മലയാളത്തിലെ വായനക്കാര്‍ക്ക് പുത്തന്‍ അനുഭൂതി സമ്മാനിച്ച പ്രിയ എഴുത്തുകാരന്‍ നമ്മോട് വിട പറഞ്ഞു.
അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിടത്തെല്ലാം മലയാളത്തിന് ലഭിച്ചത് സര്‍ഗ്ഗത്മകമായ അനുഭവങ്ങള്‍. മനുഷ്യന്റെ ഒറ്റപ്പെടല്‍ ആണ് അദ്ദേഹത്തിന്റെ ആദ്യകാല രചനകളില്‍ നിറഞ്ഞു നിന്നത്. മനുഷ്യരുടെ പ്രതിഷേധങ്ങളും മാനസിക സംഘര്‍ഷങ്ങളും വായനക്കാരുടെ മനസിലേക്ക് അദ്ദേഹം വരച്ചു ചേര്‍ത്തു.
കൊടിക്കുന്നില്‍ സുരേഷ്
മലയാളത്തിന്റെ പ്രിയ പ്രിയ സാഹിത്യകാരന്‍ എം. ടി. വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നു. മലയാള സാഹിത്യത്തിനുള്ള തന്റെ സംഭാവനകളിലൂടെ എം. ടി. സര്‍ഗാത്മകതയുടെ പുതിയ ദിശകള്‍ തുറന്നുനല്‍കിയ മഹാനായ സാഹിത്യകാരനായിരുന്നു . സാഹിത്യ ലോകത്ത് അദ്ദേഹം നിറച്ച അടയാളങ്ങള്‍ കാലത്തിന്റെ കടന്നുപോകലില്‍ അക്ഷീണമായിരിക്കും.
അഹമ്മദ് ദേവര്‍കോവില്‍
മലയാളത്തിലെ തറവാടുകളുടെ,പ്രത്യേകിച്ച് നായര്‍ തറവാടുകളുടെ അന്ത:ഛിദ്രങ്ങളെക്കുറിച്ച് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ സൂക്ഷ്മവും സ്ഥൂലവുമായി ആവിഷ്‌ക്കരിക്കുകയും മലയാള ജീവിതത്തിന്റെ അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്ന മതേതര വിചാരത്തെ തന്റെ കൃതികളുടെ ചൈതന്യമായി ആവിഷ്‌ക്കരിക്കുകയും ,മാറിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ വ്യക്തികളുടെ മോഹങ്ങളും മോഹഭംഗങ്ങളും തന്‍മയതത്തോടെ ആവിഷ്‌കരിക്കുകയും ,ഒറ്റപ്പെട്ടു പോയവരുടെയും ജീവതത്തിലെ ദുരനുഭവങ്ങളിലൂടെ മാനസിക നില തകരാറിലായവരുടെയും ദുരവസ്ഥ ചിത്രീകരിച്ച് മലയാളികളുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിക്കുകയും ,കാവ്യ സമാനമായ ആഖ്യാന ശൈലി കൊണ്ട് മലയാള വായനക്കാരെ വിസ്മയിപ്പിക്കുകയും ചെയ്ത എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.