ന്യൂഡൽഹി: ലെബനനിലുടനീളം ചൊവ്വാഴ്ചയുണ്ടായ പേജർ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് മലയാളിയുടെ കമ്പനിക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച് ബൾഗേറിയ ആണ് അന്വേഷണം പ്രഖ്യാപിച്ചത്. ഹിസ്ബുല്ലക്ക് പേജറുകൾ കൈമാറിയതിൽ മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ ജോസിൻ്റെ കമ്പനിക്ക് ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത നോർട്ട ഗ്ലോബൽ ലിമിറ്റഡിൻ്റെ ഉടമയാണ് വയനാട് മാനന്തവാടി സ്വദേശിയായ റിൻസൻ.
അതേസമയം പേജറുകളില്‍ ഇസ്രയേല്‍, സ്‌ഫോടക വസ്തു വെച്ച് സ്‌ഫോടനം നടത്തിയ സംഭവത്തില്‍ ഇടനിലക്കാരി ഇസ്രയേല്‍ ചാര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിന്‍സന്‍ ജോസിന് അറിവില്ലായിരുന്നുവെന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തായ് വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് ഹംഗേറിയന്‍ കടലാസ് കമ്പനി ബി.എ.സി. കണ്‍സള്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചതെന്നായിരുന്നു വിവരം. ഇസ്രയേലിൻ്റെ കടലാസ് കമ്പനിയാണ് ബി.എ.സിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ബി.എ.സി. കടലാസ് കമ്പനി മാത്രമാണെന്നും റിന്‍സന്‍ ജോസിൻ്റെ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയതെന്നുമാണ് ഹംഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലെബനന്‍ സ്‌ഫോടനത്തിന് പിന്നാലെ റിന്‍സന്‍ ജോസിനെ ബന്ധപ്പെടാന്‍ സാധിക്കാത്തതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
റിന്‍സന്‍ ജോസ് ഉടമയായ നോര്‍ട്ട ഗ്ലോബലിന്റെ പങ്ക് സംബന്ധിച്ച് ആരോപണങ്ങള്‍ക്ക് പിന്നാലെ ബള്‍ഗേറിയ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ബി.എ.സി. കണ്‍സള്‍ട്ടിങ് എന്ന കമ്പനിക്ക് യഥാര്‍ഥത്തില്‍ പ്രവര്‍ത്തനങ്ങളൊന്നുമില്ലെന്നും ഓഫീസ് പോലുമില്ലെന്നാണ് ഹംഗേറിയന്‍ മാധ്യമമായ ടെലെക്‌സ് പറയുന്നത്.
ബി.എ.സിയുടെ മാനേജിങ് ഡയറക്ടറായ ക്രിസ്റ്റ്യാന ബര്‍സോണി-ആര്‍സിഡിയാക്കോണോ എന്ന യുവതി നോര്‍ട്ട ഗ്ലോബലുമായി ബന്ധപ്പെട്ടായിരുന്നു ഇടപാട് നടത്തിയിരുന്നത്. ഗോള്‍ഡ് അപ്പോളോയുമായി ബി.എ.സിയാണ് പേപ്പറില്‍ ഒപ്പിട്ടിരുന്നതെങ്കിലും അതിന് പിന്നില്‍ നോര്‍ട്ടയായിരുന്നുവെന്നാണ് ഹംഗേറിയന്‍ മാധ്യമം പറയുന്നത്.
തായ് വാനില്‍നിന്ന് പേജറുകള്‍ കൊണ്ടുവന്ന് ഹിസ്ബുള്ളയ്ക്ക് കൈമാറിയതും നോര്‍ട്ടയാണെന്നും ഇവര്‍ പറയുന്നു.