ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കാരം. എ.ഐ.സി.സി ആസ്ഥാനത്തെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം വിലാപയാത്രയായി നിഗംബോധ് ഘട്ടിലെ സംസ്കാരസ്ഥലത്ത് എത്തിച്ചു.പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖരെത്തി. സിഖ് മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.
മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ നിന്ന് രാവിലെ എട്ടോടെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാറ്റി. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനം പൂര്‍ത്തിയായി.
സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണെത്തിയത്.
മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോള്‍ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിൽ മൻമോഹൻ സിങിന്‍റെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചത്.
ഇപ്പോള്‍ ഉയരുന്നത് അനാവശ്യ വിവാദമാണ്. സ്മാരകങ്ങള്‍ക്ക് സ്ഥലം നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സര്‍ക്കാരിന്‍റെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.