മനാമ: ഇന്ത്യയും ബഹറൈനുമായുള്ള ദീർഘകാലത്തെ ബന്ധം അനുസ്മരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. മനാമ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച്
ബഹറൈനിലെ ഇന്ത്യൻ സമൂഹവുമായി നടത്തിയ കൂടികാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനാമ ഡയലോഗിൽ പങ്കെടുക്കാനായി എത്തിയ വിദേശകാര്യമന്ത്രി ഇത് രണ്ടാം തവണയാണ് ബഹറൈൻ സന്ദർശിക്കുന്നത്. നിലവിൽ 1.7 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നടക്കുന്നതെന്നും, ഇന്ത്യൻ സമൂഹത്തിന് ബഹറൈൻ ഭരണാധികാരികളും പൗരൻമാരും നൽകുന്ന ആദരവിന് നന്ദിയുണ്ടെന്നും പറഞ്ഞ വിദേശകാര്യമന്ത്രി സമുദ്രസംരക്ഷണം, ഡാറ്റ കൈമാറ്റം, ഭീകരപ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും അറിയിച്ചു.
ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്‌ട്ര പരിഹാരം ആവശ്യമാണെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളതെന്നും അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകൾക്കും മദ്ധ്യസ്ഥ ശ്രമങ്ങൾക്കും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധം നടക്കുന്ന മേഖലകളിൽ സാധാരണ മനുഷ്യർക്ക് വേണ്ട സഹായങ്ങൾ എത്തിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏറ്റവും വലിയ ശക്തികളിൽ ഒന്നായി മാറാൻ ഇന്ത്യക്ക് സാധിക്കുമെന്നും, അതിന് സഹായകരമായി വിദേശ ഇന്ത്യക്കാർ നൽകുന്ന സേവനങ്ങൾ പ്രശംസനീയമാണെന്നും കൂടികാഴ്ച്ചയിൽ മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, പ്രമുഖ പ്രവാസ വ്യവസായി ഡോ. ബി. രവി പിള്ള, പ്രവാസി ഭാരതീയ സമ്മാൻ വിജയികൾ തുടങ്ങിയവർ പങ്കെടുത്തു.