അന്തരിച്ച ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രന് സ്മാരകം ഒരുങ്ങുന്നു. അദ്ദേഹത്തിൻ്റെ ജന്മനാട്ടിലാണ് സ്മാരകം ഒരുങ്ങുന്നത്. തിയേറ്റർ കോംപ്ലക്സ് ഉൾപ്പെടുന്നതാണ് സ്മാരകം. തിരുവനന്തപുരം ഊരൂട്ടമ്പലത്താണ് സ്മാരകം നിർമ്മിക്കുന്നത്. 12 കോടി രൂപ ചെലവഴിച്ചാണ് ഇന്ത്യൻ ചലച്ചിത്ര ചരിത്രം പറയുന്ന മ്യൂസിയം, സാംസ്കാരിക പരിപാടികൾക്ക് വേണ്ടിയുള്ള കേന്ദ്രം, തീയറ്റർ സമുച്ചയം എന്നിവ നിർമ്മിക്കുന്നത്. അഞ്ചേക്കറോളം സ്ഥലമാണ് സ്മാരക നിർമ്മാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. സാംസ്കാരിക വകുപ്പിൻ്റെ നിയന്ത്രണത്തിൽ കേരള ഫിലിം ഡവലപ്‌മെൻ്റ് കോർപ്പറേഷൻ (കെ എസ് എഫ് ഡി സി) ആണ് പദ്ധതി നടപ്പാക്കുന്നത്.
12 കോടിയുടെ ഭരണാനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പദ്ധതി ജന്മനാടായ ഊരൂട്ടമ്പലത്ത് നടപ്പാക്കാൻ കഴിഞ്ഞാൽ അഭിമാനിക്കാമെന്നും ലെനിൻ രാജേന്ദ്രൻ്റെ കുടുംബാംഗങ്ങൾ പറഞ്ഞു. തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിൻ രാജേന്ദ്രൻ്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം. ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ ഇടതുപക്ഷ സ്ഥാനാർത്ഥി ആയി കെ ആർ നാരായണനെതിരെ മത്സരിച്ചയാളാണ് ലെനിന്‍ രാജേന്ദ്രന്‍. തൻ്റെ ആശയങ്ങൾക്ക് തിരക്കഥയിലൂടെ അദ്ദേഹം സാക്ഷാത്കാരം നൽകാൻ ശ്രമിച്ചു.