ഇന്ദോര്‍: ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. ഇന്ദോറില്‍ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളായി ശത്രു ആക്രമണം നേരിട്ട ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലായിരുന്നുവെന്നാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍. ആരേയും എതിര്‍ക്കാനല്ല രാമക്ഷേത്രപ്രസ്ഥാനം ആരംഭിച്ചത്. രാജ്യത്തിന് സ്വന്തം കാലില്‍ നില്‍ക്കാനും ലോകത്തിന് വഴികാണിക്കാനും ഭാരതത്തെ സ്വയം ഉണര്‍ത്താനുമാണെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.
2024 ജനുവരി 22-നായിരുന്നു അയോധ്യയില്‍ പ്രതിഷ്ഠ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഹിന്ദു കലണ്ടര്‍ പ്രകാരം ജനുവരി 11-നാണ് വാര്‍ഷികം.