ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിന് എതിരെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതിഷേധം. ജസ്റ്റിസ് ഫോര്‍ വയനാട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ലമെന്റിനു മുന്നില്‍ എംപിമാര്‍ അണി നിരന്നത്.
വയനാടിനു നീതി നല്‍കുക, ദുരിതാശ്വാസ പാക്കേജ് അനുവദിക്കുക എന്നെഴുതിയ ബാനര്‍ ഉയര്‍ത്തി മകര്‍ദ്വാറിനു മുന്നില്‍ എംപിമാര്‍ നിലയുറപ്പിച്ചു. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാര്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.
വയനാടിനു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശപ്പെടുത്തുന്നതാണെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തു നല്‍കി, ആഭ്യന്തര മന്ത്രിയെ നേരിട്ടു കണ്ടു. എന്നാല്‍ അനുകൂല നടപടിയുണ്ടായിലില്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
വയനാട്ടിലുണ്ടായ ദുരന്തം രാജ്യം മുഴുവന്‍ കണ്ടതാണ്. അവിടത്തെ ജനങ്ങളുടെ വേദനയും ദുരിതവും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കാന്‍ മടിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും ഇതു തന്നെയാണ് സ്ഥിതി. അവരും രാജ്യത്തെ പൗരന്മാരാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളുടെയും വേദനയുടെയും ദുരിതത്തിന്റെയും സമയത്തെങ്കിലും രാഷ്ട്രീയ വിവേചനം മാറ്റിവയ്ക്കണം. കേന്ദ്ര സര്‍ക്കാരിന് അനുകമ്പയും മനുഷ്യത്വവും ഉണ്ടെന്നു തന്നെയാണ് ഇപ്പോഴും കരുതുന്നത്. ഇത് രാഷ്ട്രീയത്തിന് അതീതമായ വിഷയമാണ്. അതു മനസ്സിലാക്കി കേന്ദ്രം നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയങ്ക പറഞ്ഞു.