എം ടിയെ കാണാനായി ഒരിക്കൽ ഒരു തനി നാടൻ മനുഷ്യൻ ഒരുച്ചയ്ക്ക് വീട്ടിലെത്തുന്നു
ആദ്യം എം ടി യ്ക്ക് തോന്നിയത് ദുഃഖ കഥകൾ പറഞ്ഞ് പിരിവിന് വന്നവരിൽ ആരെങ്കിലും ആവുമോ എന്നാണ്
“വെറുതെ ഒന്ന് കാണാൻ വന്നതാണ്, പേര് ബാലകൃഷ്ണൻ..” അയാൾ പറഞ്ഞു: കൃഷിക്കാരനാണ്. ഭാര്യയുണ്ട്. രണ്ട് ചെറിയ പെൺമക്കളും.
“വളരെ ദിവസമായി ഒന്ന് നേരിട്ട്
കാണണം ന്ന് വിചാരിക്കുന്നു. കൃഷിയാണ്. എന്നും എന്തെങ്കിലും തിരക്കുണ്ടാവും. ഇപ്പോഴേ തരായുള്ളൂ.”
അദ്ദേഹം കുറേനേരം അവിടെ ഇരുന്നു. വലിയ വർത്തമാനം ഒന്നുമില്ല. പുസ്തകങ്ങൾ വാങ്ങും. വായിക്കും. എന്ന് മാത്രം പറഞ്ഞു.
കുറച്ചുകഴിഞ്ഞ് ബാലകൃഷ്ണൻ പോകാനൊരുങ്ങി. ശുദ്ധ ഹൃദയനായ ഈ വായനക്കാരന് വഴിച്ചെലവിന് എന്തെങ്കിലും കൊടുക്കേണ്ടതല്ലേ എന്നാണ് എം ടി ആലോചിച്ചത്.
അപ്പോൾ അയാൾ പോക്കറ്റിൽ നിന്ന് കുറച്ച് മുഷിഞ്ഞ നോട്ടുകൾ എടുത്ത് ചുരുട്ടിപ്പിടിക്കുന്നത് കണ്ടു.
പിന്നെ അത് രണ്ട് കയ്യിലുമായി മടക്കിപ്പിടിച്ച് എം ടി ക്ക് നേരെ നീട്ടി.
എം ടി അമ്പരന്നു. “ഇതെന്താണ്?
“ഇത് വാങ്ങണം. വാങ്ങില്ല എന്ന് പറയരുത്. നമ്മൾ തൊഴാൻ പോകുമ്പോൾ ദക്ഷിണ വയ്ക്ക്വ , കാണിക്ക ഇടുക, അങ്ങനെ പതിവില്ലേ ..അതുപോലൊന്ന് എന്ന് നിരീച്ചാൽ മതി.” അയാൾ പറഞ്ഞു.
ആ നോട്ടുകൾ നിർബന്ധപൂർവം ഏൽപ്പിച്ച് അയാൾ പോയി.
അതിന് ശേഷം ബാലകൃഷ്ണനെ എം ടി കണ്ടിട്ടേ ഇല്ല
വർഷങ്ങൾക്ക് ശേഷം രോഗബാധിതനായി ആശുപത്രിയിൽ കിടക്കുന്നത് വരെ.
അപ്രതീക്ഷിതമായി രോഗശയ്യയിൽ ആയപ്പോൾ രാത്രി പകുതി ബോധത്തിൽ ഉണർന്ന് നോക്കുമ്പോൾ ആശുപത്രി മുറിയിൽ നിൽക്കുന്നു ബാലകൃഷ്ണൻ.
“പത്രത്തിൽ വാർത്ത കണ്ടപ്പോൾ ഞാൻ നേരെ പുറപ്പെട്ടു. ഞാനിവിടെ നില്ക്കാൻ തയ്യാറായിട്ടാ വന്നത്. കൃഷിയുടെ ചുമതലകളൊക്കെ ചിലരെ ഏൽപ്പിച്ചു” ബാലകൃഷ്ണൻ പറഞ്ഞു.
വളരെ നിര്ബന്ധിച്ചാണ് എം ടി അദ്ദേഹത്തെ മടക്കി അയച്ചത്.
പിന്നീട് എം ടി എഴുതുന്നു.:
“മരണം അപ്പുറത്തെ ഇടനാഴികളിലെവിടെയോ പതുങ്ങി നടക്കുകയാണപ്പോഴും. ബാലകൃഷ്ണന്റെ കാലൊച്ചകൾ പതുക്കെപ്പതുക്കെ അകലുന്നു. ആരും കാണാതെ ഞാൻ ആദ്യമായി കരഞ്ഞു.
ഞാൻ എഴുതിക്കൂട്ടിയ കുറെ വാക്കുകൾക്ക് വേണ്ടി മാത്രം എന്നെ സ്നേഹിക്കുന്ന ഒരാൾ..
സ്നേഹത്തിന്റെ ദുഃഖം എന്നൊക്കെ ഇളംപ്രായത്തിൽ എഴുതിയത് ശരിക്ക് എന്തെന്നറിഞ്ഞ കുറേ നിമിഷങ്ങൾ.
വാക്കുകൾ തീർത്തും വ്യർത്ഥങ്ങളായില്ല എന്ന ആശ്വാസത്തിന്റെ ശാന്തതയോടെ ഞാൻ കണ്ണടച്ചു”
(രണ്ടാമത്തെ കാലൊച്ച; തെരഞ്ഞെടുത്ത ലേഖനങ്ങൾ: എം ടി)