കൊച്ചി: വഖഫ് ഭൂമി പ്രശ്‌നത്തെത്തുടര്‍ന്ന് മുനമ്പം സന്ദര്‍ശിക്കുന്ന ബി.ജെ.പി. നേതാക്കളെ വിമര്‍ശിച്ച് മന്ത്രി പി.രാജീവ്. മണിപ്പൂര്‍ സന്ദര്‍ശിക്കാത്ത ബി.ജെ.പി. നേതാക്കളാണ് മുനമ്പത്തേക്ക് വരുന്നത്. ബി.ജെ.പി. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. മുനമ്പത്തേത് ഒരു മതത്തിന്റെ പ്രശ്‌നമല്ല. ശാശ്വത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.
ബി.ജെ.പിയുടെ പ്രധാന നേതാക്കളെല്ലാം വരുന്നുണ്ടല്ലോ, ഒന്ന് മണിപ്പുരില്‍ പൊക്കൂടെ ഇവര്‍ക്ക്. മണിപ്പുരില്‍ ഇത്രയും നടന്നിട്ട് പ്രധാനമന്ത്രിക്ക് ഇതുവരെ ഒന്ന് സമയം കിട്ടിയിട്ടില്ല. ഇത് ഒരു മതത്തിൻ്റെ പ്രശ്‌നമല്ല. ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കാന്‍, നിയമക്കുരുക്ക് അഴിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു. രാഷ്ട്രീയമായി എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന ശ്രമം പ്രതിപക്ഷനേതാവും കൂട്ടരും നടത്തുന്നു. അതെല്ലാം മാറ്റിവെച്ച് സങ്കീര്‍ണതകള്‍ ഒഴവാക്കി അത് പരിഹരിക്കാനുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.- പി. രാജീവ് പറഞ്ഞു.
അതേസമയം മുമ്പത്ത് എത്തിയ കേന്ദ്ര തൊഴില്‍ മന്ത്രി ശോഭാ കരന്തലജെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. വഖഫ് ആവകാശവാദം ഉന്നയിക്കുന്ന ഭൂമി അവര്‍ക്ക് നല്‍കുക എന്നതാണ് കേരളത്തിലെ എല്ലാ മന്ത്രിമാരുടേയും നയം. രാജ്യത്ത് ഏറ്റവും വലിയ മൂന്നാമത്തെ ഭൂവുടമകള്‍ വഖഫ് ആണ്. എങ്ങനെ ഈ ഭൂമി അവര്‍ക്ക് വന്നു എന്ന് പരിശോധിക്കണം. ലൗ ജിഹാദ് പോലെ ലാന്‍ഡ് ജിഹാദാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.