കടലിന് നടുവിലെ അദ്ഭുതം:യുദ്ധവീര്യത്തിന്‍റെ ചരിത്രം പേറുന്ന കോട്ട

കടലിന് നടുവിലെ അദ്ഭുതം:യുദ്ധവീര്യത്തിന്‍റെ ചരിത്രം പേറുന്ന കോട്ട

നാലുപാടും പരന്നുകിടക്കുന്ന ജലം.നടുവിലൊരു ദ്വീപില്‍, ആകാശത്തേക്കു തലയുയര്‍ത്തിപ്പിടിച്ച്,ആന പിടിച്ചാലും ഒരു പോറല്‍ പോലുമേല്‍ ക്കാത്ത കൂറ്റനൊരു കോട്ട.പിടിച്ചടക്കാന്‍ വന്നവര്‍ക്കു മുന്നില്‍ ഉശിരോടെ നെഞ്ചു വിരിച്ച് നൂറ്റാണ്ടുകളായി നില്‍ക്കുന്ന മുരുട് ജഞ്ചിറ കോട്ടയെപ്പറ്റി യാണ് പറഞ്ഞു വരുന്നത്.മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മുരുടിലാണ് നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഈ കടല്‍ക്കോട്ട സ്ഥിതി ചെയ്യുന്നത്.

ജല്‍ ദുര്‍ഗ് കോട്ട എന്നും പേരുള്ള ജഞ്ചിറ കോട്ട സന്ദര്‍ശിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിനു യാത്രക്കാരാണ് എത്തിക്കൊണ്ടിരിക്കുന്നത്.സന്ദര്‍ശകര്‍ക്കു താമസത്തിനായി സ്വകാര്യ ബീച്ച് റിസോര്‍ട്ടുകളുമുണ്ട് ഇവിടെ.

തളരാത്ത യുദ്ധവീര്യത്തിന്റെ ചരിത്രം:

പിടിച്ചടക്കാന്‍ വന്നവരുടെ മുന്നില്‍ തളരാതെ നെഞ്ചു വിരിച്ചു നിന്ന ചരിത്രമാണ് ജഞ്ചിറ കോട്ടയുടേത്.പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ കോട്ട നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്നു.തിരമാലകളെ പ്രതിരോധിക്കാനായി 40 അടിയോളം ഉയരത്തില്‍ മതിലുകള്‍ കെട്ടി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഏതു തരം ആക്രമണത്തെയും ചെറുക്കാനാവുന്ന രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

അഹമ്മദാബാദ് ഭരിച്ചിരുന്ന നൈസാം രാജാവ് തന്റെ പടയാളികളായ സിദ്ദികളെ അയച്ച് ഈ കോട്ട പിടിച്ചെടുത്തു.ഇവരാണ് ഏതു സൈനികാക്രമണത്തെയും ചെറുക്കാനാവുന്ന രീതിയില്‍ കരുത്തോടെ ഈ കോട്ട പുതുക്കിപ്പണിതത്.പിന്നീട് ഉണ്ടായ പോര്‍ച്ചുഗീസ്, മറാഠാ ആക്രമണങ്ങളെയൊക്കെ ഈ കോട്ട അതിജീവിച്ചു.മറാഠാ സാമ്രാജ്യം ശക്തിനേടിയ കാലത്ത് ഏഴുതവണ ആക്രമിച്ചിട്ടും ഈ കോട്ട ശിവജിക്ക് കീഴടക്കാനായില്ല.ശിവജിക്ക് ശേഷം മകന്‍ സംബാജിയും കോട്ട കീഴടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.ഒടുവില്‍ 1736 ഏപ്രില്‍ 19 ന് മറാഠാ പേഷ്വ ബാജി റാവുവിന്റെ സൈന്യം സൈന്യാധിപന്‍ ചിമ്‌നാജി അപ്പയുടെ നേതൃത്വത്തില്‍ പടവെട്ടി,സിദ്ദികളെ പരാജയപ്പെടുത്തി കോട്ട കീഴടക്കി.പിന്നീട് 1818 ല്‍ ഇംഗ്ലിഷുകാര്‍ ബാജി റാവു രണ്ടാമനെ യുദ്ധത്തില്‍ പരാജപ്പെടുത്തുന്നതു വരെ മറാഠികളുടെ കയ്യിലായിരുന്നു കോട്ട.

കടലിനു നടുവിലെ അദ്ഭുതം:

അറബിക്കടലിന്റെ കിഴക്കന്‍ തീരത്ത് കരയില്‍നിന്ന് അരക്കിലോമീറ്റര്‍ മാറിയുള്ള ഒരു ദ്വീപിലാണ് മുരുട് ജഞ്ചിറ കോട്ട.തെങ്ങും കവുങ്ങും നിറഞ്ഞതാണ് കോട്ടയുടെ പരിസരം.തോക്കുകളും പീരങ്കികളും സൂക്ഷിക്കാനുള്ള നിരവധി ഗോപുരങ്ങളും മറ്റും കോട്ടയ്ക്കകത്ത് കാണാം.മുന്‍പ് ഇവിടെ 500 പീരങ്കികള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവയില്‍ ചിലതു മാത്രമേയുള്ളൂ.

കോട്ടയ്ക്കകത്ത് വാട്ടര്‍ ടാങ്കുകളും മനോഹരമായ ശവകുടീരങ്ങളും ശില്പങ്ങളും കാണാം.ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ആറ് ആനകളുടെ ശില്പം ശ്രദ്ധേയമാണ്.സിദ്ദികളുടെ യുദ്ധവീര്യത്തെയാണ് ഇതിലൂടെ ചിത്രീകരിക്കുന്നത്. 

ശുദ്ധജലം നിറഞ്ഞ രണ്ടു കുളങ്ങളുണ്ട് ഈ കോട്ടയ്ക്കുള്ളില്‍. കടലിനു നടുവില്‍ ഇങ്ങനെയൊരു ശുദ്ധജല സ്രോതസ്സ് ഉണ്ടാകുന്നത് അദ്ഭുതമായാണ് കണക്കാക്കുന്നത്.

എങ്ങനെ എത്തിച്ചേരാം?

ഗതാഗതമാര്‍ഗ്ഗങ്ങള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ കോട്ടയിലെത്താന്‍ അധികം ബുദ്ധിമുട്ടില്ല. മുംബൈയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കൊങ്കണ്‍ റെയില്‍വേയിലുള്ള റോഹ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ വഴി വരുന്നവര്‍ ഇറങ്ങേണ്ടത്. ട്രെയിന്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താം. എയര്‍പോര്‍ട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടാക്‌സി ലഭ്യമാണ്. റോഡ് മാര്‍ഗം വരുന്നവര്‍ക്ക് മുംബൈയില്‍ നിന്ന് ഏകദേശം 242 കിലോമീറ്റര്‍ ദൂരമുണ്ട്.