നിയുക്ത യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കാബിനറ്റിൽ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ്‍ എക്സ്, എക്സ് എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കും. മസ്കിനൊപ്പം ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവും കേരളത്തിൽ വേരുകളുമുള്ള വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസിയുടെ (DOGE) ചുമതലയായിരിക്കും ഇവർക്ക്.
ട്രംപ് പുറത്തിറക്കിയ പ്രസ്താവനയിൽ, മസ്കും വിവേകും ചേർന്ന് തൻ്റെ സർക്കാരിൻ്റെ ഉദ്യോഗസ്ഥൃതല പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും അധികച്ചെലവുകളിൽ നിയന്ത്രിക്കുമെന്നും വ്യക്തമാക്കുന്നു. സർക്കാരിൻ്റെ കീഴിലെ ഫെഡറൽ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കാനും ഇരുവരും മുൻകയ്യെടുക്കും. സർക്കാരിലെ ‘മാലിന്യങ്ങളെയും’ തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്താൻ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) മസ്കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു.