അവർ അസാധാരണ വ്യക്തികൾ, അവരുടെ ത്യാഗം ഇന്ത്യ മറക്കില്ല; പുൽവാമ സ്മരണയിൽ നരേന്ദ്ര മോദി

അവർ അസാധാരണ വ്യക്തികൾ, അവരുടെ ത്യാഗം ഇന്ത്യ മറക്കില്ല; പുൽവാമ സ്മരണയിൽ നരേന്ദ്ര മോദി

ഡൽഹി: ഫെബ്രുവരി 14 ഇന്ത്യക്കാർക്ക് പ്രണയദിനം മാത്രമല്ല, അതിനപ്പുറം വേദന കലർന്ന ഒരു മറ്റൊരു ദിനം കൂടിയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം നടന്നത്. 40 ജവാൻമാരെയാണ് ഒറ്റയടിക്ക് രാജ്യത്തിന് നഷ്ടമായത്.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് ഒരു വയസ്സ് തികയുമ്പോള്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും, കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ യും ട്വിറ്ററിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. '2019 ല്‍ ഈ ദിവസം പുല്‍വാമയില്‍ (ജമ്മു കശ്മീര്‍) നടന്ന ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഓര്‍മ്മിക്കുന്നു. അവരുടെ ത്യാഗം ഇന്ത്യ ഒരിക്കലും മറക്കില്ല എന്ന് രാജ്നാഥ് സിംഗും,  മാതൃരാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീര ജവാന്‍മാരോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചത്.