പുറത്ത് വിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ ; നാസില്‍

പുറത്ത് വിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ ; നാസില്‍

ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്കു കേസുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദ സന്ദേശം തൻ്റേത് തന്നെയാണെന്ന പ്രതികരണവുമായി  രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. ശബ്ദം തൻ്റേത് തന്നെയാണെന്നും സമ്മതിച്ചെങ്കിലും അതില്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന അവകാശ വാദമാണ് നാസില്‍ അബ്ദുള്ള ഉന്നയിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ താന്‍ പണം കൊടുക്കാനുള്ള ഒരാളുടെ കൈവശമായിരുന്നു. ഇത് തിരിച്ചെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് സംഭാഷണത്തിലുള്ളതെന്നും ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന സംഭാഷണ ഭാഗം  പൂര്‍ണമല്ല, തെറ്റിധാരണ ജനിപ്പിക്കാന്‍ വേണ്ടി ഏതാനും ഭാഗങ്ങള്‍ മാത്രമാണ് പുറത്തു വന്നതെന്നും നാസില്‍ പറയുന്നു.

സുഹൃത്തിനെ വിളിച്ച് പൈസ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി വിളിച്ച കോളില്‍ നിന്ന് അവര്‍ക്ക് വേണ്ട ശബ്ദ രേഖയുടെ ഭാഗം മാത്രം കട്ട് ചെയ്‌തെടുക്കുകയും മറ്റ് ഭാഗങ്ങള്‍ കട്ട് ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തെന്ന് നാസില്‍ പറയുന്നു.

ഒരു കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പണം തട്ടാനുളള ശ്രമങ്ങളുടെ ഭാഗമായാണ് തൻ്റെ അറസ്റ്റ് എന്ന് ജാമ്യത്തിലിറങ്ങിയ ശേഷം തുഷാര്‍ പറഞ്ഞിരുന്നു. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.