back to top
Wednesday, February 5, 2025
Google search engine
HomeLatest Newsരാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിനെതിരെ ഇന്ത്യ സഖ്യം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിനെതിരെ ഇന്ത്യ സഖ്യം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. രാജ്യസഭയില്‍ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങളായ ജയറാം രമേശ്, നസീര്‍ ഹുസൈന്‍ എന്നിവര്‍ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ 60 എംപിമാരുടെ ഒപ്പോടെ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോഡിക്ക് സമര്‍പ്പിച്ചത്. സിപിഐ, സിപിഐ (എം), ആര്‍ജെഡി, ടിഎംസി, ജെഎംഎം, എഎപി, ഡിഎംകെ, സമാജ്‌വാദി പാര്‍ട്ടി എംപിമാരും പ്രമേയത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.

രാജ്യസഭാധ്യക്ഷനെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. 243 അംഗ രാജ്യസഭയില്‍ പ്രമേയം പാസാക്കാന്‍ 122 വോട്ടുകള്‍ വേണം. പ്രതിപക്ഷത്തിന് ഇത്രയും പേരുടെ പിന്തുണയില്ലെങ്കിലും പ്രമേയത്തിലൂടെ ശക്തമായ സന്ദേശം നല്‍കാനാകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അങ്ങേയറ്റം പക്ഷപാതപരമായ രീതിയിലാണ് സഭാധ്യക്ഷന്‍ നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ഇന്ത്യാ സഖ്യം നേതാക്കള്‍ ചൂണ്ടിക്കാട്ടി. മണിപ്പൂര്‍, അഡാനി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കാത്ത ചെയര്‍മാന്‍ ബിജെപിയുടെ സോറോസ് ആരോപണത്തില്‍ ചര്‍ച്ചയ്ക്കായി സമയം യഥേഷ്ടം നല്‍കുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമര്‍ത്താനും അധ്യക്ഷന്‍ മുന്നിട്ടിറങ്ങുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ താല്പര്യങ്ങള്‍ക്ക് വേണ്ടി രാജ്യസഭാ ചെയര്‍മാനെതിരെ ഔദ്യോഗികമായി അവിശ്വാസ പ്രമേയം സമര്‍പ്പിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് ഇന്ത്യാ സഖ്യ നേതാക്കള്‍ പറഞ്ഞു. 

ഓഗസ്റ്റില്‍ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം എംപിമാരില്‍ നിന്നും ഒപ്പ് ശേഖരിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് നടപടിയെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കത്തെ വിമര്‍ശിച്ച് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു രംഗത്ത് എത്തി. പ്രതിപക്ഷ നീക്കം ഏറെ ഖേദകരമാണെന്നും രാജ്യസഭയില്‍ എന്‍ഡിഎയ്ക്കാണ് ഭൂരിപക്ഷമെന്നും അവിശ്വാസ പ്രമേയനോട്ടീസ് ഒരു പ്രതിഫലനവും സൃഷ്ടിക്കില്ലെന്നും റിജിജു പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെയും സ്തംഭിച്ചു. രാവിലെ സമ്മേളിച്ച രാജ്യസഭയില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയ്ക്ക് ആദരം അര്‍പ്പിച്ച് മൗനം ആചരിച്ചതിനു പിന്നാലെ ഭരണ, പ്രതിപക്ഷ ബഹളത്തില്‍ സഭ മുങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments