കണ്ണൂര്‍: തൻ്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ.പി.ജയരാജൻ. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
‘തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ എഴുതുമെന്നും ഞാന്‍ പറഞ്ഞു. മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്, ആര്‍ക്ക് നല്‍കുമെന്ന് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതാണ്. കവര്‍ ചിത്രവും തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത്’, ഇ പി ജയരാജന്‍ പറഞ്ഞു.
ആര്‍ക്കും പ്രസിദ്ധീകരണത്തിനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും ഈ പറയുന്നത് മുഴുവന്‍ അസംബന്ധമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പുറത്ത് വരുന്ന കാര്യങ്ങള്‍ പുസ്തകത്തിലെഴുതിയിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബോധപൂര്‍വം സൃഷ്ടിച്ച വാര്‍ത്തയാണിതെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം.
ആത്മകഥ യഥാർത്ഥമോ …
ഇ പി ജയരാജൻ്റെ ആത്മകഥയായ കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിൽ പറയുന്നുവെന്ന തരത്തിൽ പുറത്തുവന്നിരിക്കുന്ന കുറിപ്പിൽ പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് ഉള്ളത്.
രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്ന വാദമാണ് ഇ പി ജയരാജൻ പുസ്തകത്തിൽ ഉയർത്തിയിട്ടുള്ളത്. ജനക്ഷേമപ്രവർത്തനങ്ങൾ നിരവധിയുണ്ടെങ്കിലും ഇതിനപ്പുറം ജനങ്ങൾ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിനെക്കുറിച്ചുള്ള മികച്ച അഭിപ്രായം രണ്ടാം പിണറായി സർക്കാരിനില്ല എന്ന് മാത്രമല്ല, താരതമ്യേന ദുർബലമാണെന്ന വാദവും ജയരാജൻ പുസ്തകത്തിൽ ഉയർത്തി. സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകൾ വേണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം പാളിയോ എന്ന് സംശയമുണ്ടെന്നും ഇ പി ജയരാജൻ പറയുന്നു.
ഇത് കൂടാതെ പി സരിനെതിരെയും ജയരാജൻ രംഗത്തെത്തി. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു. സരിനെ സ്ഥാനാർഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും ഇ പി പറയുന്നുണ്ട്. അൻവറിൻ്റെ പിന്നിൽ തീവ്രവാദ ശക്തികളാണെന്നും ഇ പി എഴുതുന്നുണ്ട്.