കോണ്‍ഗ്രസില്‍ ഒരു പ്രശ്‌നവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുസ്ലിം ലീഗ്ഒരു അതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. ഓരോ മാധ്യമങ്ങളും ഓരോ വാര്‍ത്തകള്‍ ഉണ്ടാക്കുന്നതാണ്. കോണ്‍ഗ്രസും ലീഗും തമ്മില്‍ ഒരു കാലത്തുമില്ലാത്ത തരത്തിലുള്ള സുദൃഢമായ ബന്ധമാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസില്‍ ഒരു തമ്മിത്തല്ലുമില്ല. ഒരു വഴക്കുമില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ എവിടെയെങ്കിലും ഒരു ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടുണ്ടോയെന്നും വിഡി സതീശന്‍ ചോദിച്ചു.
കേരളത്തില്‍ ഏതു വിഷയം ഉയര്‍ന്നു വന്നപ്പോഴും കോണ്‍ഗ്രസ് നേതൃത്വം ഐക്യത്തോടെയാണ് പ്രതികരിച്ചത്. ബ്രൂവറി വിഷയത്തില്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണ്. ഞങ്ങള്‍ ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തി. എല്ലാക്കാര്യവും കെപിസിസി പ്രസിഡന്റ്, മുന്‍ പ്രസിഡന്റുമാര്‍ തുടങ്ങി എല്ലാവരുമായും ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്. നേതാക്കള്‍ തമ്മില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നാല്‍ അതിന് ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റും.
‘ശശി തരൂരിനെതിരെ വിഡി സതീശന്‍ എന്ന നിലയില്‍ തലക്കെട്ട് എന്റെ കയ്യില്‍ നിന്നും കിട്ടില്ല. ഞാന്‍ അദ്ദേഹത്തിന് എതിരല്ല. അദ്ദേഹം വിജയിക്കാന്‍ ഏറ്റവും കഠിനാധ്വാനം ചെയ്ത ഒരാളാണ് ഞാന്‍. അദ്ദേഹവുമായി ചര്‍ച്ച ചെയ്ത് എഐസിസി എന്തു തീരുമാനമെടുത്താലും ഞങ്ങള്‍ അംഗീകരിക്കും. അതില്‍ ഒരു വിവാദത്തിനും ഞങ്ങള്‍ ഇല്ലെന്നും’ വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ശശി തരൂരുമായി വഴക്കടിക്കാനോ തര്‍ക്കത്തിനോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തരൂരുമായി വഴക്കിടാനോ കൊമ്പുകോര്‍ക്കാനോ ഞങ്ങളില്ല. അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗമാണ്. അദ്ദേഹത്തോട് സംസാരിക്കേണ്ടത് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വമാണ്. ഞങ്ങളൊക്കെ വളരെ താഴെ പൊസിഷനിലുള്ള ആളുകളാണ്. ഞങ്ങളേക്കാള്‍ മുകളില്‍ നില്‍ക്കുന്ന അദ്ദേഹത്തെ ശാസിക്കാനോ, തിരുത്താനോ ഒന്നും ശേഷിയുള്ള ആളുകളല്ല ഞങ്ങള്‍. അദ്ദേഹവുമായി ഒരു തര്‍ക്കത്തിനും പോകുന്നില്ല. അദ്ദേഹം പറഞ്ഞത് എന്താണെന്ന് ബാക്കിയുള്ളവർ വിലയിരുത്തട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശശി തരൂർ പറഞ്ഞിട്ടുണ്ടല്ലോ, താന്‍ രാഷ്ട്രീയക്കാരന്‍ അല്ല, വേറൊരാളാണെന്ന്. അദ്ദേഹവുമായി തര്‍ക്കിക്കാനൊന്നും ഞങ്ങളില്ല. സര്‍ക്കാരുമായി പ്രതിപക്ഷം പോരാടുന്ന വിഷയത്തില്‍, അദ്ദേഹം സര്‍ക്കാരിന് അനുകൂലമായി ഒരു ലേഖനം എഴുതിയപ്പോള്‍, ആ ആര്‍ട്ടിക്കിളിലെ സ്റ്റാറ്റിസ്റ്റിക്‌സ് ശരിയല്ലെന്ന് പറയുക മാത്രമാണ് ചെയ്തത്.
അദ്ദേഹം പറഞ്ഞ സ്റ്റാറ്റിസ്റ്റിക്‌സ് ശരിയല്ലെന്ന് താന്‍ തെളിയിച്ചതാണ്. സ്റ്റാര്‍ട്ടപ്പിന്റെ എക്കോ സിസ്റ്റം വാല്യൂവിനെക്കുറിച്ചാണ് തരൂര്‍ പറഞ്ഞത്. ആ സ്റ്റാര്‍ട്ടപ്പ് സിസ്റ്റത്തിന്റെ എക്കോ സിസ്റ്റം വാല്യൂ കേരളത്തിന്റേത് വളരെ മോശമാണ്. 1.7 ബില്യണ്‍ ഡോളറാണ് കേരളത്തിന്റേത്. 170 കോടി യു എസ് ഡോളര്‍ കേരളത്തിന്റെ വാല്യു ആകുമ്പോള്‍, കര്‍ണാടകം ഈ കാലഘട്ടത്തില്‍ ഉണ്ടാക്കിയിരിക്കുന്ന വാല്യു 1590 കോടിയാണ്. കേരളത്തിലെ 1.7 ബില്യണ്‍ ഡോളറില്‍, ഒരു ബില്യണ്‍ ഡോളര്‍ ഒറ്റ കമ്പനിയുടേതാണ്. വിഡി സതീശന്‍ പറഞ്ഞു.