സ്‌റ്റോക്‌ഹോം: 2024ലെ വൈദ്യശാസ്ത്ര നൊബേൽ അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസിനും ഗാരി റോവ്കിനും. മൈക്രോ ആര്‍എന്‍എ കണ്ടെത്തുകയും ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കുകയും ചെയ്തതിനാണ് ഇരുവര്‍ക്കും നൊബേല്‍ ലഭിച്ചത്.
ശരീരത്തില്‍ എല്ലാ കോശങ്ങളിലും സമാനമായ ജനിതകദ്രവ്യമാണുള്ളതെങ്കിലും പേശീകോശങ്ങള്‍, സിരാകോശങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തയിനം കോശങ്ങള്‍ ശരീരത്തില്‍ രൂപപ്പെടുന്നു. ജീന്‍ ക്രമപ്പെടുത്തല്‍ എന്ന പ്രക്രിയയാണ് ഇതിനുകാരണം. ഓരോയിനം കോശങ്ങളിലും ആവശ്യമായ ജീനുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതാണ് ഈ ക്രമപ്പെടുത്തല്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
വ്യത്യസ്തയിനം കോശങ്ങള്‍ എങ്ങനെ രൂപപ്പെടുന്നു എന്ന് കണ്ടെത്താൻ ശ്രമിച്ചതിനാണ് വിക്ടർ ആംബ്രോസിനും ഗാരി റോവ്കിനും പുരസ്കാരം ലഭിച്ചത്. ‘മൈക്രോ ആര്‍എന്‍എ’ കണ്ടുപിടിച്ചത് ഇത്തരം ശ്രമങ്ങൾക്കിടെയായിരുന്നു. ചെറു ആര്‍എന്‍എകളുടെ വിഭാഗത്തില്‍ ഒന്നാണ് മൈക്രോ ആര്‍എന്‍എ. പുതിയ ആര്‍എന്‍എ വിഭാഗത്തെ കണ്ടെത്തുക മാത്രമല്ല, ജീന്‍ ക്രമപ്പെടുത്തലില്‍ അവ വഹിക്കുന്ന നിര്‍ണായക പങ്കും ഇരുവരും കണ്ടെത്തി.
കഴിഞ്ഞ വർഷവും ആര്‍എന്‍എയുമായി ബന്ധപ്പെട്ട മുന്നേറ്റത്തിനാണ് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം നല്‍കപ്പെട്ടത്. ‘മെസഞ്ചര്‍ ആര്‍എന്‍എ’ യെ ന്യൂക്ലിയോസൈഡ് പരിഷ്‌കരണത്തിന് വിധേയമാക്കുക വഴി, കോവിഡ് 19 നെതിരെ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കാന്‍ വഴിതുറന്ന കാത്തലിന്‍ കാരിക്കോ, ഡ്രൂ വീസ്മാന്‍ എന്നിവരാണ് കഴിഞ്ഞവര്‍ഷം വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടത്.