മുംബൈയില്‍ 21,000 രൂപയുടെ ഉള്ളി മോഷ്ടിച്ചു, പൊലീസ് പൊക്കി

മുംബൈയില്‍ 21,000 രൂപയുടെ ഉള്ളി മോഷ്ടിച്ചു, പൊലീസ് പൊക്കി

രാജ്യത്ത് ഇപ്പോള്‍ കള്ളന്മാര്‍ കണ്ണ് വച്ചിരിക്കുന്നത് ഉള്ളിയിലാണ്. തമിഴ്‌നാട്ടില്‍ നിന്ന് ഒരു കര്‍ഷകന്‍റെ പക്കല്‍ നിന്ന് 60 കിലോ ഉള്ളി മോഷണം പോയതിന് പിന്നാലെയാണ് മുംബൈയിലെ പ്രശസ്തമായ പച്ചക്കറിച്ചന്തകളിലൊന്നായ ഡോംഗ്രി മാര്‍ക്കറ്റില്‍ നിന്ന് ഉള്ളി മോഷണം പോയത്. ചില്ലറയായിരുന്നില്ല മോഷണം. രണ്ട് കടകളില്‍ നിന്നായി കിലോക്കണക്കിന് ഉള്ളിയാണ് കാണാതായത്.പൊലീസെത്തി കണക്ക് കൂട്ടി നോക്കിയപ്പോള്‍ ആകെ 168 കിലോ ഉള്ളി പോയി. മാര്‍ക്കറ്റിലിപ്പോള്‍ വില 21,160. ഡോംഗ്രിയില്‍ അടുത്തടുത്ത് ഉള്ളിവില്‍പന നടത്തിയിരുന്നവരാണ് അക്ബര്‍ ഷെയ്ഖും ഇര്‍ഫാന്‍ ഷെയ്ഖും.

ഞായറാഴ്ച രാവിലെ ഇരുവരും വന്ന് കട തുറന്ന് നോക്കിയപ്പോള്‍ ഒരു വശത്ത് വലിയ ചാക്കുകളിലാക്കി വച്ച പുതിയ സ്റ്റോക്ക് ഉള്ളി മുഴുവന്‍ കാലി. കാണാനില്ല.112 കിലോ ഉള്ളിയാണ് അക്ബറിന്‍റെ പക്കലുണ്ടായിരുന്നത്.ഇര്‍ഫാന്‍റെ പക്കലുണ്ടായിരുന്നത് 56 കിലോയും.പലയിടത്തും തെരഞ്ഞു. ഫലമുണ്ടാകാതായപ്പോള്‍,അക്ബറും ഇര്‍ഫാനും ഡോംഗ്രി പൊലീസില്‍ പരാതി നല്‍കി.അജ്ഞാതര്‍ക്കെതിരെ മോഷണക്കുറ്റവും റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി.

പ്രദേശത്ത് അരിച്ചുപെറുക്കി അന്വേഷണം നടത്തിയ പൊലീസ്,മാര്‍ക്കറ്റിലുള്ള എല്ലാ കടകളിലെയും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു.ഡോംഗ്രിക്ക് അടുത്ത് തന്നെ താമസിക്കുന്ന സബീര്‍ ഷെയ്ഖിന്‍റെ ദൃശ്യങ്ങള്‍ വ്യക്തമായി കിട്ടി. പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കൂട്ടാളികളുടെ പേര് കൂടി വെളിപ്പെടുത്തി സബീര്‍ ഷെയ്ഖ്.ഇമ്രാന്‍ ഷെയ്ഖ്,സാബിര്‍ എന്നിവരും മോഷണത്തിന് സഹായിച്ചെന്നും,അല്ലെങ്കില്‍ ഇത്ര ചാക്ക് ഉള്ളി ഞാനെങ്ങനെ ഒറ്റയ്ക്ക് ചുമന്നു കയറ്റുമെന്നും സബീര്‍ ഷെയ്ഖ്.