ആവേശക്കടലായി പാലക്കാട്. ഒരു മാസത്തിലേറെ നീണ്ട പരസ്യപ്രചാരണമാണ് കൊട്ടിക്കലാശിച്ചത്. പാലക്കാടിൻ്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സർവ്വ സന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികൾ കളം നിറഞ്ഞത്. പാലക്കാടൻ പോരാട്ടത്തിൻ്റെ വീറും വാശിയുമുള്ള കാഴ്ചകളാണ് പാലക്കാടൻ കൊട്ടിക്കലാശത്തിൽ കണ്ടത്. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലാണ് കൊട്ടിക്കലാശം നടന്നത്.
വിവാദങ്ങൾ, അപ്രതീക്ഷിത ട്വിസ്റ്റുകൾ, ഡോ പി സരിൻ എൽഡിഎഫ് സ്ഥാനാർത്ഥിയായതു മുതൽ ബിജെപിയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് എത്തിയതിന് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്താണ് എൽ.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. സന്ദീപ് വാര്യരുടെ വരവ് തിരഞ്ഞെടുപ്പിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്ന് രാഹുൽമാങ്കൂട്ടത്തിൽ അവകാശപ്പടുന്നു. തിരഞ്ഞെടുപ്പിൽ ഇതൊന്നും പ്രതിഫലിക്കില്ലെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ പറഞ്ഞത്.
ഒരു മിനിറ്റ് കൊണ്ട് നിലപാട് മാറ്റിയതിൽ സരിനും സന്ദീപും ഒരുപോലെയെന്ന് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ പറയുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പോലീസുരക്ഷ ഒരുക്കിയിരുന്നു. ത്രികോണപ്പോരിൽ 20ന് ജനം വിധിയെഴുതാനിരിക്കെ പരസ്യപ്രചാരണത്തിൻ്റെ സമാപനം ആവേശകടലാക്കി മാറ്റി പ്രവർത്തകർ.
യുഡിഎഫ് സ്ഥാനാ4ത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിൻ്റെ റോഡ്ഷോ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ചു. ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിൻ്റെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നുമാണ് ആരംഭിച്ചത്.