ഭോപ്പാല്‍: നവജാതശിശുക്കള്‍ക്കായുള്ള ഐ.സി.യുവിലെ (എന്‍.ഐ.സി.യു) ഓക്‌സിജന്‍ വിതരണ പൈപ്പ് മോഷണം പോയതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ പിടഞ്ഞത് 12 കുഞ്ഞുങ്ങള്‍. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് നടുക്കുന്ന സംഭവമുണ്ടായത്. ആരോഗ്യപ്രവര്‍ത്തകര്‍ തക്കസമയത്ത് ഇടപെട്ട് ഓക്‌സിജന്‍ ലഭ്യമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഓക്‌സിജന്‍ വിതരണത്തിനായുള്ള 15 അടിയോളം നീളമുള്ള ചെമ്പ് പൈപ്പാണ് മോഷണം പോയത്. എന്‍.ഐ.സി.യുവിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിലച്ചതോടെ ശ്വാസം കിട്ടാതെ നവജാതശിശുക്കള്‍ കരയാന്‍ ആരംഭിച്ചു. ഇതോടെയാണ് ഐ.സി.യുവിലേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിയെത്തിയത്. അപായ മുന്നറിയിപ്പിനായുള്ള അലാറവും ഇതിനിടെ മുഴങ്ങിയിരുന്നു.
എന്‍.ഐ.സി.യുവിലേക്കുള്ള ഓക്‌സിജന്‍ വിതരണം ഉടന്‍ തന്നെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞുവെന്ന് രാജ്ഗഢ് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ (സി.എം.എച്ച്.ഒ) ഡോ. കിരണ്‍ വാദിയ പറഞ്ഞു. സംഭവത്തെ കുറിച്ച് ഉന്നതാധികാരികളെ അറിയിച്ചു. ബദല്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ സാഹചര്യത്തെ കാര്യക്ഷമമായി നേരിടാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവസമയം 20 നവജാതശിശുക്കളാണ് എന്‍.ഐ.സിയുവില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇവരില്‍ 12 കുഞ്ഞുങ്ങള്‍ക്കാണ് ഓക്‌സിജന്‍ ആവശ്യമായിരുന്നത്.