back to top
Thursday, March 13, 2025
Google search engine
HomeLatest Newsപി.സി. ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു

പി.സി. ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു

കൊച്ചി: പി.സി. ചാക്കോ എന്‍.സി.പി (ശരദ് ചന്ദ്ര പവാര്‍) സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് ചാക്കോ. ഈ സ്ഥാനത്ത് തുടരണോയെന്ന് പവാര്‍ തീരുമാനിക്കും.

എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണമെന്നാണ് വിവരം. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍നിന്ന് ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ചാക്കോയുടെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ശശീന്ദ്രന്‍ പക്ഷം അറിയിച്ചിരുന്നു. 18-ന് വിളിച്ചിരുന്ന യോഗത്തിലും ശശീന്ദ്രന്‍ പക്ഷം പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരുന്നത്.

എന്‍.സി.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് പി.സി. ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിന്റെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. മന്ത്രിയെയും എം.എല്‍.എ.യെയും അനുകൂലിക്കുന്ന വിശ്വസ്തരായ നേതാക്കള്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയാണ് ഒപ്പുശേഖരണം.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോട്ടയം, കോഴിക്കോട് ജില്ലകളിലെ ഒപ്പുശേഖരണം പൂര്‍ത്തിയായിരുന്നു. ദേശീയസെക്രട്ടറി സതീഷ് തോന്നയ്ക്കല്‍ മുഖേന പരാതി അടുത്തയാഴ്ച ദേശീയ പ്രസിഡന്റ് ശരദ് പവാര്‍, വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയാ സുളെ എന്നിവര്‍ക്കു കൈമാറാനായിരുന്നു തീരുമാനം.

ഒപ്പുശേഖരണത്തെക്കുറിച്ച് അറിഞ്ഞ ചാക്കോ താന്‍ മാറിയാല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സുരേഷ് ബാബുവിനെയോ സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറി കെ.ആര്‍. രാജനെയോ പ്രസിഡന്റാക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്നും വിവരമുണ്ടായിരുന്നു.

മന്ത്രിസ്ഥാനം കിട്ടാതായതോടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം വേണമെന്ന കടുത്ത നിലപാടിലാണ് തോമസ് കെ. തോമസ്. മന്ത്രിസ്ഥാനം ലഭിക്കാന്‍ ചാക്കോ വേണ്ടവിധം ശ്രമിച്ചില്ലെന്ന നീരസവും തോമസിനുണ്ട്. തന്നെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടെടുത്തതോടെയാണ് എ.കെ. ശശീന്ദ്രന്‍, പി.സി. ചാക്കോയ്‌ക്കെതിരേ തിരിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments