ന്യുഡൽഹി: നിലമ്പൂർ എംഎൽഎ പി വി അൻവർ കോൺഗ്രസിലേക്ക് തിരികെ പോകാൻ ശ്രമം തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് തന്റെ പഴയ പാർട്ടിയിലെത്താനാണ് അൻവർ ശ്രമിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പിന്തുണയോടെയാണ് അൻവറിന്റെ നീക്കം. ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തി. കെ.സി. വേണുഗോപാലുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു.
അൻവറിന്റെ കോൺഗ്രസിലേക്കുള്ള വരവിനെ എതിർക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മറ്റു ചില നേതാക്കളുടെയും നിലപാട് നിര്‍ണായകമാകും. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ ലീഗ് മയപ്പെടുമെന്നാണ് അൻവറിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ കരുതുന്നത്. കെ. സുധാകരനുമായി അൻവർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡിഎംകെ തള്ളിയതോടെ അൻവർ തൃണമൂൽ കോൺഗ്രസുമായും എസ്പിയുമായും ചർച്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്തിയ അൻവർ പാലക്കാടും വയനാടും യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.