back to top
Tuesday, January 14, 2025
Google search engine
HomeLatest Newsപി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു; സ്പീക്കര്‍ എ.എന്‍ ഷംസീറിന് രാജിക്കത്ത് കൈമാറി

പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു; സ്പീക്കര്‍ എ.എന്‍ ഷംസീറിന് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്. മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് കൈവശം വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തിൽ രണ്ട് തവണ അട്ടിമറി വിജയം നേടി ചരിത്രംകുറിച്ച അൻവർ ഇതോടെ ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വേർപെടുത്തി.

പോലീസിനെതിരേ ആരോപണം ഉന്നയിച്ച് സി.പി.എമ്മിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും യുദ്ധപ്രഖ്യാപനം തുടങ്ങിയ അന്‍വര്‍ 14 വര്‍ഷത്തിന് ശേഷമാണ് ഇടതുപക്ഷവുമായുള്ള ബന്ധം വേർപെടുത്തുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതുസ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു പി.വി അന്‍വര്‍ തന്റെ രാഷ്ട്രീയ എന്‍ട്രി ശ്രദ്ധേയമാക്കിയത്. അന്ന് അന്‍വറിന്റെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം 2016-ല്‍ നിലമ്പൂര്‍ പിടിച്ചടക്കാന്‍ അന്‍വറിനെ ചുമതലയേല്‍പിക്കുകയായിരുന്നു. അത് ചരിത്രമാവുകയും ചെയ്തു.

2016-ല്‍ നിലമ്പൂര്‍ പിടിച്ചെടുത്ത പി.വി അന്‍വര്‍ 2021-ലും ഇത് ആവര്‍ത്തിച്ചതോടെ മണ്ഡലം അന്‍വറിന്റെ കുത്തകയായി മാറി. 2016-നെ അപേക്ഷിച്ച് 2021-ല്‍ വലിയ വോട്ടുചോര്‍ച്ച മണ്ഡലത്തില്‍ അന്‍വറിനുണ്ടായെങ്കിലും വിജയം തുടരാനായത് ഇടതുപക്ഷത്തിന് ഏറെ ആശ്വാസമായിരുന്നു.

എ.ഐ.സി.സി. അംഗവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി. ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. കെ.എസ്.യു.-എസ്. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് ജില്ലാ വൈസ് പ്ര സിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 2014-ല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായും 2019-ല്‍ ഇടതുസ്വതന്ത്രനായി പൊന്നാനിയില്‍നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments