തൃശ്ശൂര്‍: വിവാദമായ തൃശ്ശൂര്‍ പൂരം കലക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം പൂര്‍ണ്ണമായി തള്ളി സി.പി.ഐ. നേതാവും തൃശ്ശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ്. സുനില്‍ കുമാര്‍. പൂരം അലങ്കോലപ്പെട്ടിട്ടില്ല എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയല്ലെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.
‘മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയമല്ലിത്. സംഘപരിവാറിന്റെ കൃത്യമായ ആസൂത്രണത്തോടെ വെടിക്കെട്ട് അടക്കമുള്ള പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ തടസ്സപ്പെടുത്തുകയും അലങ്കോലപ്പെടുത്തുകയും അത് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അത് ഇപ്പോഴും പറയും നാളേയും പറയും എപ്പോഴും പറയും. അത് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ’, സുനില്‍ കുമാര്‍ പറഞ്ഞു.
പൂരം പൂര്‍ണ്ണമായി അലങ്കോലപ്പെട്ടു എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. രാവിലത്തെ പൂരത്തിലൊന്നും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നും പറഞ്ഞ ശേഷമായിരുന്നു സുനില്‍ കുമാര്‍ അന്നത്തെ സംഭവങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞത്.