കോഴിക്കോട് :ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ്റെ കുടുംബത്തിൻ്റെ പരാതിയിൽ ലോറി ഉടമ മനാഫിനെതിരെ കേസെടുത്തു. സൈബർ ആക്രമണവും സാമൂഹ്യ മാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നു എന്നും കാണിച്ച് അർജുൻ്റെ സഹോദരി അഞ്ജു കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു. ചേവായൂർ പൊലീസാണ് കേസെടുത്തത്.
മനാഫ് കുടുംബത്തിൻ്റെ വൈകാരികതയെ മുതലെടുത്തെന്നും പണപ്പിരിവ് നടത്തിയെന്നും ആരോപിച്ച് അർജുൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിനു നേരെ സൈബർ ആക്രമണം ശക്തമായത്.
അതെസമയം മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. മതങ്ങളെ യോജിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്. തമ്മിൽ തല്ലിപ്പിക്കുന്നത് മനാഫ് ഒരിക്കലും ചെയ്യില്ല. അർജുനെ കിട്ടിയതോടെ സമാധാന ജീവിതം കിട്ടുമെന്നാണ് വിചാരിച്ചത്. എന്നാൽ അതുണ്ടായില്ലെന്നും മനാഫ് പറഞ്ഞു.
കേസെടുത്ത കാര്യം രാവിലെയാണ് അറിയുന്നത്. അർജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഇനി കേസിൽ കുടുക്കിയാലും ശിക്ഷിച്ചാലും അർജുന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പറഞ്ഞു. വൈകാരികമായിട്ടായിരുന്നു മനാഫിന്റെ പ്രതികരണം.
അർജുന്റെ കുടുംബത്തിനെതിരേ കമന്റിടരുതെന്നും അക്രമിക്കരുതെന്നും പൊതുസമൂഹത്തോട് താൻ പറഞ്ഞിരുന്നു. എന്നെക്കൊണ്ട് കഴിയും വിധം അഭ്യർഥിച്ചിട്ടുണ്ട്. ഈ സമയം വരെ അർജുന്റെ കുടുംബത്തിന് അനുകൂലമായിട്ടാണ് നിന്നത്. ഇനി അങ്ങോട്ടും അവരുടെ കൂടെത്തന്നെയാകും. കേസെടുത്ത് ജയിലിൽ അടച്ചാലും അവരുടെ കൂടെത്തന്നെയാണ്. ഇപ്പോൾ കേസെടുത്തിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നും മനാഫ് കൂട്ടിച്ചേർത്തു.