തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പി പി ദിവ്യയെ പൊതുവേദിയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് മുഖ്യമന്ത്രി തൻ്റെ നിലപാട് വ്യക്തമാക്കിയത്. എഡിഎം നവീൻ ബാബുവിൻ്റെ മരണം അതീവ ദുഃഖകരമാണ്. ഇതുപോലെയുള്ള ദുരന്തം ഉണ്ടാകാതിരിക്കട്ടെയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം ജനസേവകരാണെന്ന അടിസ്ഥാന ബോധത്തിൽ കാര്യങ്ങൾ ചെയ്യണം. മാനുഷിക മുഖത്തോടുകൂടി സേവനങ്ങൾ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി പി ദിവ്യയെ സിപിഐഎം സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷത്തിൻ്റെ വാദങ്ങൾ നിലനിൽക്കെയാണ് പൊതുവേദിയിൽ പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധവും ശക്തമാക്കിയിരിക്കുകയാണ്. പരാതി ലഭിച്ച് എട്ട് ദിവസമായിട്ടും പി പി ദിവ്യ ഒളിവിൽ തുടരുന്നതും പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ വേഗത്തിലാക്കാത്തതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.