കൊച്ചി: പൊന്നാനിയില്‍ പരാതി പറയാനെത്തിയ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആരോപണവിധേയനായ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ ഉത്തരവ്.
മലപ്പുറം മുന്‍ എസ് പി സുജിത് ദാസ് ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ യുവതിയുടെ പരാതി. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശ പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നേ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ കേസിന്റെ ഉത്തരവാദിത്തം താന് ഏറ്റെടുക്കുകയാണ് എന്ന് പി വി അൻവർ എംഎൽഎ പറഞ്ഞത് സെപ്റ്റംബർ രണ്ടിനാണ്. യുവതിയുടെ പരാതിയില് നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്കിയെന്നും അദ്ദേഹം അന്ന് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇടത് സ്വതന്ത്രൻ എന്ന നിലയിൽ നിന്നും സ്വതന്ത്രൻ എന്ന നിലയിലേക്ക് മാറുന്നതിന് തൊട്ടു മുമ്പായി കേരള പൊലീസിലെ അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച് പി വി അൻവർ ആദ്യം പൊട്ടിച്ച ബോംബുകളിലൊന്നായിരുന്നു പൊന്നാനി പീഡനക്കേസ്.
ഒരു വാർത്താ ചാനലിനെ കൂട്ടുപിടിച്ചായിരുന്നു മലപ്പുറം മുന്‍ പൊലീസ് മേധാവി സുജിത്ദാസിനെതിരായ ബോംബ് എന്ന നിലയിൽ അൻവർ ആരോപണമുന്നയിച്ചത്. സുജിത് ദാസിനെ കൂടാതെ തിരൂര്‍ മുന്‍ ഡിവൈ എസ് പി വി വി ബെന്നി, പൊന്നാനി ഇന്‍സ്പെക്ടറായിരുന്ന വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ പേരിലായിരുന്നു പൊന്നാനി സ്വദേശിയായ സ്ത്രീ പീഡന ആരോപണം ഉന്നയിച്ചത്. ഇതിനെതിരെയാണ് ആരോപണവിധേയനായ സർക്കിൾ ഇൻസ്പെകടർ വിനോദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹർജിയിലാണ് ഇപ്പോൾ കോടതി കേസ് റദ്ദാക്കിയിരിക്കുന്നത്.
നേരത്തെ സിംഗിൾ ബെഞ്ച് നിർദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ് പി സുജിത് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് നിർദേശം. എന്നാൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജംദാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് കേസ് റദ്ദാക്കാനുള്ള ഉത്തരവ്.