പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ആര്‍എസ്എസ് തൃശൂര്‍ പൂരം അലങ്കോലമാക്കിയത് പുറത്തുവരും. തൃശൂര്‍ പൂരം പൂര്‍ണമായി കലങ്ങിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന് പ്രതികരിച്ചു.
തൃശൂര്‍ പൂരം വിഷയം ഉപതിരഞ്ഞെടുപ്പില്‍ ഒരു പ്രശ്നമായി ഉയര്‍ത്തുകയാണ് യുഡിഎഫ്. ഇതിലൂടെ വി ഡി സതീശന് ബിജെപിക്ക് സഹായം ചെയ്തുകൊടുത്തു. പൂരം പൂര്‍ണമായി കലങ്ങിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. അത് ശരിയല്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും എം വി ഗോവിന്ദന് പറഞ്ഞു.
സുരേഷ് ഗോപി പറയുന്നതെല്ലാം ലൈസന്‍സില്ലാത്തത് പോലെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സുരേഷ് ഗോപി ഇപ്പോഴും സിനിമാ സ്റ്റൈലിലാണ്. തന്തയ്ക്ക് പറയുകയാണ് സുരേഷ് ഗോപി. ഇത്തരം വാക്കുകള്‍ സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ആയിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയേനെ. കെ സുധാകരന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ചര്‍ച്ചയായില്ലെന്നും സിപിഐഎം സെക്രട്ടറി വിമര്‍ശിച്ചു.
പാര്‍ട്ടി പൂര്‍ണമായും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പൊലീസിന് ഒരു നിര്‍ദേശവും കൊടുത്തിട്ടില്ല. പൊലീസിന് നിര്‍ദേശം കൊടുക്കുന്ന രീതി പാര്‍ട്ടിക്കില്ല. നിയമനടപടികള്‍ അങ്ങനെ തുടരുമെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.